ജമ്മുവില്‍ എട്ടുവയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
രണ്ടു പൊലീസുകാരടങ്ങുന്ന ഏഴംഗസംഘം പെണ്‍കുട്ടിയെ മൂന്നു തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി
ജമ്മുവിലെ കത്‍വയില്‍ 8 വയസുകാരി പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസില്‍ പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു പൊലീസുകാരടങ്ങുന്ന ഏഴംഗസംഘം പെണ്‍കുട്ടിയെ മൂന്നു തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ തന്നെ ശ്രമിക്കുന്നു എന്ന ആരോപണവും ശക്തമാണ്.
ജനുവരി 17നാണ് ജമ്മുകാശ്മീരിലെ കത്‍വയിലെ രസന ഗ്രാമത്തിലെ വനമേഖലയില്‍ നിന്നും 8 വയസുകാരിയുടെ മൃതദേഹം ഈ രൂപത്തില്‍ കണ്ടെടുക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ അതിനു ശേഷവും കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് അഭിഭഷകരടക്കമുള്ളവര്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍കുട്ടിയെ മൂന്നുതവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കുട്ടിക്ക് മയക്കുമരുന്ന് നല്‍കി. ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ബലാല്‍സംഗം എന്നതിന് ഡിഎന്‍എ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.
കേസിലെ ഒമ്പത് പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇയാളൊഴികെ മറ്റുള്ളവരുടെ മേല്‍ കൊലപാതക കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പ്രതികള്‍ അറസ്റ്റിലായതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്ത കത്‍വയില്‍ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ചതായാണ് വിവരം. സംസ്ഥാനത്ത് ബിജെപി മന്ത്രിമാരായ ലാല്‍ ചന്ദ്, ചന്ദ്രന്‍ പ്രകാശ് ഗംഗ, എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ സഹായം നല്‍കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രത്യേക സംഘത്തെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.