സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കറ്റാര്‍വാഴ നട്ടു, ഇപ്പോള്‍ കോടിപതി

Update: 2018-05-29 01:42 GMT
Editor : admin
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കറ്റാര്‍വാഴ നട്ടു, ഇപ്പോള്‍ കോടിപതി
Advertising

രാജസ്ഥാന്‍ സ്വദേശിയായ ഹരീഷ് ധന്‍ദേവാണ് കറ്റാര്‍വാഴയില്‍ നേട്ടം കൊയ്തത്

സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ജീവിതം സുരക്ഷിതമായി എന്ന് വിശ്വസിക്കുന്നവരാണ് ഭുരിഭാഗം പേരും. കിട്ടുന്നതുവരെ അലച്ചില്‍, കിട്ടിക്കഴിഞ്ഞാല്‍ വിശ്രമം എന്നാണ് സര്‍ക്കാര്‍ ജോലിയെക്കുറിച്ച് കളിയായി പറയുന്നതു തന്നെ. എന്നാല്‍ രാജസ്ഥാന്‍കാരനായ ഹരീഷ് ധന്‍ദേവിന് സര്‍ക്കാര്‍ ജോലിയെന്നാല്‍ അത്ര ബാലികേറാമലയൊന്നുമല്ല, അതുകൊണ്ട് തന്നെയാണ് കഷ്ടപ്പെട്ട് കിട്ടിയ ജോലി അദ്ദേഹം ഉപേക്ഷിച്ചത്. അതും പോരാത്തതിന് കൃഷിപ്പണിക്കിറങ്ങുകയും ചെയ്തു. വെറും കൃഷിയല്ല, അത്രയൊന്നും പരിചിതമല്ലാത്ത കറ്റാര്‍വാഴക്കായിട്ടാണ് ഹരീഷ് തന്റെ മുഴുവന്‍ സമയവും മാറ്റിവച്ചത്. ഇപ്പോള്‍ കോടിപതിയും ന്യൂട്രീലോ അഗ്രോ എന്ന കമ്പനിയുടെ ഉടമസ്ഥനുമാണ് ഹരീഷ്.

ജയ്സാല്‍മര്‍ മുനിസിപ്പല്‍ കൌണ്‍സിലില്‍ ജൂനിയര്‍ എന്‍ജിനീയര്‍ ആയിരുന്നു ഹരീഷ്. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഹരീഷിന്റെ മനസില്‍ എപ്പോഴും മനസിലുണ്ടായിരുന്നു. ഒരിക്കല്‍ ഡല്‍ഹിയില്‍ നടന്ന അഗ്രി എക്സ്പോ സന്ദര്‍ശിച്ചതാണ് ഹരീഷിലെ കര്‍ഷകനെ ഉണര്‍ത്തിയത്. അന്നു വരെ വെള്ളവും ഭൂമിയും മാത്രം കൈമുതലായുണ്ടായിരുന്ന ഹരീഷിന്റെ മനസില്‍ ഒരു പുതിയ ആശയം മുള പൊട്ടിയതും ഇവിടെ വച്ചായിരുന്നു. സാധാരണയായി ഗോതമ്പ്,ബജ്റ തുടങ്ങിയവ കൃഷി ചെയ്തിരുന്ന തന്റെ കൃഷിയിടത്തില്‍ വ്യത്യസ്തതക്കായി വിവിധ തരത്തിലുള്ള കറ്റാര്‍വാഴയാണ് അദ്ദേഹം കൃഷി ചെയ്തത്. 120 ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി.

തുടക്കത്തില്‍ 80,000 തൈകളാണ് നട്ടതെങ്കില്‍ ഇപ്പോള്‍ അത് ഏഴ് ലക്ഷമായി വര്‍ദ്ധിച്ചു. ജയ്സാല്‍മറില്‍ നിന്നും 45 കിലോ മീറ്റര്‍ അകലെ ദൈസാറിലാണ് ഹരീഷിന്റെ ന്യൂട്രിലോ അഗ്രോ എന്ന കമ്പനി സ്ഥിതി ചെയ്യുന്നത്. കറ്റാര്‍വാഴ സംസ്കരിച്ചെടുക്കുകയാണ് ഈ കമ്പനിയില്‍ ചെയ്യുന്നത്. ജ്യൂസുണ്ടാക്കുന്നതിനായി പതഞ്ജലി ഫുഡ് പ്രോഡക്ടസ് ഹരീഷിന്റെ കമ്പനിയില്‍ നിന്നും കറ്റാര്‍വാഴ ശേഖരിക്കാറുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ 125-150 ടണ്‍ സംസ്കരിച്ച കറ്റാര്‍വാഴയാണ് ഹരീഷ് ഹരിദ്വാറിലുള്ള പതഞ്ജലി ഫാക്ടറിയിലേക്ക് കയറ്റി അയച്ചത്. കറ്റാര്‍വാഴ സംസ്കരണത്തിനായി ആധുനിക സംവിധാനങ്ങളാണ് തന്റെ കമ്പനിയില്‍ ഉപയോഗിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. 1.5 കോടിയാണ് തന്റെ കൃഷിസ്ഥലത്ത് നിന്നുള്ള ഹരീഷിന്റെ ലാഭം. പ്രതിവര്‍ഷം 2 കോടിയാണ് വരുമാനം.

മരുഭൂ പ്രദേശങ്ങളില്‍ വളരുന്ന കറ്റാര്‍വാഴക്ക് ദേശീയ, അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ബ്രസീല്‍, ഹോങ്കോംഗ്,അമേരിക്ക എന്നിവിടങ്ങളിലും കറ്റാര്‍വാഴക്ക് ഡിമാന്‍ഡുണ്ട്. ഉയര്‍ന്ന ഗുണമേന്‍മയുള്ളതാണ് ഹരീഷിന്റെ കൃഷിയിടത്തില്‍ വളരുന്ന കറ്റാര്‍വാഴകളെന്നാണ് പതഞ്ജലിയിലെ വിദഗദ്ധരുടെ അഭിപ്രായം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News