ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മൗനം വെടിയണം; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് ക്രിസ്ത്യൻ സംഘടനകൾ

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ക്രിസ്ത്യൻ നേതാക്കൾ ആവശ്യപ്പെട്ടു

Update: 2025-01-01 12:59 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മൗനം വെടിയണം എന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും ക്രിസ്ത്യൻ സംഘടനകൾ കത്തയച്ചു. 400ലധികം മുതിർന്ന ക്രിസ്ത്യൻ നേതാക്കളും 30 ചർച്ച് ഗ്രൂപ്പുകളുമാണ് ഇന്നലെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചത്.

തോമസ് എബ്രഹാം, ഡേവിഡ് ഒനേസിമു, ജോബ് ലോഹറ, റിച്ചാർഡ് ഹോവൽ, മേരി സ്കറിയ, സെഡ്രിക് പ്രകാശ് എസ്.ജെ., ജോൺ ദയാൽ, പ്രകാശ് ലൂയിസ് എസ്.ജെ., സെൽഹോ കീഹോ, ഇ.എച്ച്. ഖാർകോൻഗോർ, അലൻ ബ്രൂക്‌സ്, കെ. ലോസി മാവോ, അഖിലേഷ് എഡ്ഗർ, മൈക്കൽ വില്ലംസ്, എ.സി. മൈക്കൽ, വിജയേഷ് ലാൽ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവച്ചത്.

മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനെതിരായി വർധിച്ചുവരുന്ന ഭീഷണികൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്രിസ്ത്യൻ സംഘടനകൾ ആവശ്യപ്പെട്ടു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. കലാപ ഭൂമിയായ മണിപ്പൂരിൽ 250ലധികം ആളുകൾ മരിക്കുകയും 360 പള്ളികൾ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നേതാക്കൾ പറഞ്ഞു.

മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണമെന്നും മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ വേഗത്തിലും നിഷ്പക്ഷമായും അന്വേഷണത്തിന് ഉത്തരവിടണമെന്നും ക്രിസ്ത്യൻ സംഘടനകൾ ആവശ്യപ്പെട്ടു.

ഡിസംബർ 23ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. സ്‌നേഹവും സാഹോദര്യവും ഐക്യവും ആഘോഷിക്കുന്നതാണ് ക്രിസ്തുവിന്റെ പാഠങ്ങളെന്നും സമൂഹത്തിലെ സാഹോദര്യവും സമത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണെന്നും ക്രിസ്മസ് സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്നുപേരാണ് അറസ്റ്റിലായത്. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത് എന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ പറഞ്ഞത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News