തീവ്രവാദ ഫണ്ടിംഗ്: ഡല്‍ഹിയിലും കശ്മീരിലും എന്‍.ഐ.എ റെയ്ഡ്
കശ്മിരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനിലെ ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ നിന്ന് പണം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് റെയ്ഡ്.
ജമ്മുകാഷ്മീരിലും ഡൽഹിയിലും എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് 22 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ എട്ട് കേന്ദ്രങ്ങളിലും കശ്മീരില്‍ 14 കേന്ദ്രങ്ങളിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. കശ്മിരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനിലെ ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ നിന്ന് പണം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് റെയ്ഡ്. ഹവാല ഇടപാടുകാരുടെ കേന്ദ്രങ്ങളിലാണ് പരിശോധന.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെടുത്തിയ നയീം ഖാന്റെ കശ്മീരിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരു ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റെയ്ഡ്.അന്വേഷണത്തെത്തുടര്‍ന്ന് കശ്മീര്‍ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി, ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ് തുടങ്ങി അഞ്ചു പേര്‍ക്കെതിരെ എന്‍ഐഎ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.