പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ അനുഗമിച്ചവരുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം

Update: 2018-05-30 09:59 GMT
പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ അനുഗമിച്ചവരുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം
Advertising

നീരജ് ശര്‍മ്മ എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് പലതവണ തള്ളിയിരുന്നു...

2014 മുതല്‍ 2017 വരെയുള്ള കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളില്‍ അനുഗമിച്ച സ്വകാര്യ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍(സിഐസി) പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. നീരജ് ശര്‍മ്മ എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് പലതവണ തള്ളിയിരുന്നു. ഇതിനിടെയാണ് നീരജ് ശര്‍മ്മയുടെ അപേക്ഷയില്‍ സിഐസി ആര്‍കെ മാത്തൂറിന്റെ നിര്‍ണ്ണായക ഉത്തരവ്.

കഴിഞ്ഞ ജൂലൈയിലാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളില്‍ അനുഗമിച്ച സ്വകാര്യ കമ്പനികളുടെ സിഇഒ- മേധാവികള്‍- പാട്ണര്‍മാര്‍, സ്വകാര്യ ബിസിനസ് ഒഫീഷ്യലുകള്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് കാണിച്ച് നീരജ് ശര്‍മ്മ അപേക്ഷ നല്‍കിയത്. എന്ത് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവരെ തെരഞ്ഞെടുത്തിരുന്നതെന്നും നീരജ് ശര്‍മ്മ അപേക്ഷയില്‍ ചോദിച്ചിരുന്നു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയെ അനുഗമിച്ചവരുടെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന വിശദീകരണമാണ് 2017 സെപ്തംബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ www.pmindia.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണെന്നും മറുപടിയിലുണ്ടായിരുന്നു. തന്റെ വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ഇടക്കാല മറുപടി നല്‍കി വൈകിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതെന്നും കാണിച്ച് സെപ്തംബര്‍ 29ന് നീരജ് ശര്‍മ്മ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചു.

നീരജ് ശര്‍മ്മയുടെ ഈ അപേക്ഷക്കുള്ള മറുപടിയായാണ് വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സിഐസി ആര്‍കെ മാത്തൂര്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ അനുഗമിച്ച സ്വകാര്യ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റിലില്ലെന്ന വിവര വും നീരജ് ശര്‍മ്മ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംങിന്റെ കാലത്തെ വിദേശ സന്ദര്‍ശനങ്ങളില്‍ അദ്ദേഹത്തെ അനുഗമിച്ചവരുടെ വിവരങ്ങള്‍ ഇതേ വെബ്‌സൈറ്റിലുണ്ടെന്നും നീരജ് ശര്‍മ്മ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയിലെ വൈരുധ്യവും നീരജ് ശര്‍മ്മ ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സംഘത്തിലുള്ളവരെക്കുറിച്ച് അറിയണമെങ്കില്‍ വാര്‍ത്തകളിലെ ദൃശ്യങ്ങളോ ചിത്രങ്ങളോ പരിശോധിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രിയുടെ ഓപീസ് മുന്നോട്ടുവെച്ചിരുന്നു. ഒരേ സമയം സുരക്ഷാ കാരണം പറഞ്ഞ് സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ നല്‍കാതിരിക്കുകയും പരസ്യമായി ലഭിക്കുന്ന വാര്‍ത്തകളില്‍ നിന്നും ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിലെ വൈരുധ്യമാണ് നീരജ് ശര്‍മ്മ ചൂണ്ടിക്കാണിച്ചത്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനസംഘത്തിലുണ്ടായിരുന്ന സുരക്ഷയുമായി നേരിട്ട് ബന്ധമില്ലാത്ത എല്ലാ സ്വകാര്യ വ്യക്തികളുടേയും വിവരങ്ങള്‍ കൈമാറാനാണ് സിഐസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപേക്ഷകനായ നീരജ് ശര്‍മ്മക്ക് സിഐസിയുടെ ഉത്തരവ് പ്രകാരം 30 ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറണം.

Tags:    

Similar News