അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കായി തുരങ്കം നിര്‍മിച്ചത് പാക് സൈന്യമെന്ന് ഇന്ത്യ
പാക് അധീന പ്രദേശത്തേക്കാണ് തുരങ്കം പോകുന്നതെന്നും, നുഴഞ്ഞ് കയറ്റത്തിനായി ഭീകരര്‍ക്ക് വേണ്ടി പാക് സൈന്യം തന്നെയാണ് തുരങ്കം നിര്‍മ്മിക്കുന്നതിന് പിന്നിലെന്നും ഇന്ത്യന്‍ സൈന്യം ആരോപിച്ചു.
ജമ്മു കശ്മീരിലെ ഇന്ത്യ - പാക് അതിര്‍ത്തിയില്‍ 14 അടി ആഴമുള്ള തുരങ്കം കണ്ടെത്തി. അര്‍ണി സെക്ടറിലെ അതിര്‍ത്തി വേലിക്ക് തൊട്ടടുത്താണ് അതിര്‍ത്തി സുരക്ഷ സേന തുരങ്കം കണ്ടെത്തിയത്. പാക് അധീന പ്രദേശത്തേക്കാണ് തുരങ്കം പോകുന്നതെന്നും, നുഴഞ്ഞ് കയറ്റത്തിനായി ഭീകരര്‍ക്ക് വേണ്ടി പാക് സൈന്യം തന്നെയാണ് തുരങ്കം നിര്‍മ്മിക്കുന്നതിന് പിന്നിലെന്നും ഇന്ത്യന്‍ സൈന്യം ആരോപിച്ചു.
ജമ്മു കാശ്മീരിലെ അര്‍ണിയ മേഖലയില്‍ ദമാനക്കടുത്തുള്ള ഇന്ത്യ-പാക് അതിര്‍ത്തി വേലിക്ക് സമീപമാണ് അതിര്‍ത്തി സുരക്ഷ സേന 14 അടി ആഴമുള്ള തുരങ്കം കണ്ടെത്തിയത്. പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് തുരങ്കം ജവാന്മാരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് ബിഎസ്എഫിന്‍റെ ജമ്മു ഐജി റാം അവ്ത്താര്‍ അറിയിച്ചു.
അര്‍ണിയ മേഖലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും സാധാരണക്കാരനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുരങ്കം നിര്‍മ്മിക്കുന്നതിനായി ഇന്ത്യന്‍ ജവാന്മാരുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പാക് സൈന്യം ഈ ആക്രമണം നടത്തിയതെന്നാണ് ബിഎസ്എഫിന്റെ അനുമാനം.
ഉത്സവ സീസണുകളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടാനുള്ള നീക്കമാണ് തുരങ്കം നിര്‍മ്മിക്കുന്നതിലൂടെ പാക് സൈന്യം നടത്തിയതെന്നും ബിഎസ്എഫ് ഐജി ആരോപിച്ചു. തുരങ്കം കണ്ടെത്തിയതോടെ ഭീകരതയെ സഹായിക്കുന്ന പാക് നിലപാട് ഒരിക്കല്‍ കൂടി വെളിവായതായി പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദര്‍ പ്രസാദ് പറഞ്ഞു.