രാജ്യസഭയില്‍ ഇനി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

Update: 2018-06-02 13:23 GMT
Editor : Jaisy
രാജ്യസഭയില്‍ ഇനി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
Advertising

ഇതാദ്യമായാണ് കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി 245 അംഗങ്ങളുള്ള രാജ്യസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറുന്നത്

രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. മധ്യപ്രദേശില്‍ നിന്നുള്ള സന്‍പത്യ ഉയിക്കെ സത്യപ്രതിജ്ഞ ചെയ്തതോടെയാണ് കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി രാജ്യസഭയിലെ വലിയ പാര്‍ട്ടിയായത്.

കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദവെ അന്തരിച്ചതോടെ ഒഴിവുവന്ന സീറ്റിലാണ് ആദിവാസി വിഭാഗത്തില്‍പെട്ട സന്‍പത്യ ഉയിക്കെ രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ രാജ്യസഭയിലെ ബിജെപി അംഗസംഖ്യ 58 ആയി. കോണ്‍ഗ്രസിന് നിലവില്‍ 57 അംഗങ്ങളാണുള്ളത്. ഇതാദ്യമായാണ് കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി 245 അംഗങ്ങളുള്ള രാജ്യസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറുന്നത്. അടുത്തയാഴ്ച ഗുജറാത്തിലും ബംഗാളിലും നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ബിജെപിയുടെ അംഗബലം ഇനിയും വര്‍ദ്ധിക്കും. ഗുജറാത്തില്‍ ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ ബിജെപി സമിത്ഷായും സ്മൃതി ഇറാനിയേയുമാണ് രംഗത്തിറക്കിയിരിക്കുന്നത്. മൂന്നാമത് സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിനെതിരെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബല്‍വന്ത് സിങ് രജ്പുത്തിനെയാണ് മത്സരിപ്പിക്കുന്നത്. ബംഗാളിലെ 6 സീറ്റില്‍ 5 എണ്ണം തൃണമൂലും ശേഷിക്കുന്ന സീറ്റില്‍ കോണ്‍ഗ്രസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. നിലവില്‍ എസ് പി 18, എഐഎഡിഎംകെ 13, തൃണമൂല്‍ 12, ജെഡിയു 10 എന്നിങ്ങനെയാണ് രാജ്യസഭയിലെ കക്ഷിനില. ബിജെപി വലിയ ഒറ്റകക്ഷിയായെങ്കിലും രാജ്യസഭയില്‍ ഇപ്പോഴും പ്രതിപക്ഷത്തിന് തന്നെയാണ് ഭൂരിപക്ഷം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News