ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പുറത്ത് പോവില്ലെന്നാണ് പ്രതീക്ഷയെന്ന് റോബര്‍ട്ടോ അസെവെദോ

Update: 2018-06-03 21:37 GMT
Editor : Ubaid
ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പുറത്ത് പോവില്ലെന്നാണ് പ്രതീക്ഷയെന്ന് റോബര്‍ട്ടോ അസെവെദോ
Advertising

ലോക വ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് പോവാന്‍ ട്രംപിന് ഉദ്ദേശമുണ്ടോയെന്നറിയില്ലെന്ന് അസെവെദോ പറഞ്ഞു

ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പുറത്ത് പോവില്ലെന്നാണ് പ്രതീക്ഷയെന്ന് WTO തലവന്‍ റോബര്‍ട്ടോ അസെവെദോ. എന്നാല്‍ പുറത്തുപോവാന്‍ യു എസ് തീരുമാനിച്ചാലും സംഘടന മുന്നോട്ടുപോവുമെന്ന സൂചനയും അസെവെദോ നല്‍കി. നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ സംഘനയില്‍ നിന്ന് പുറത്ത് പോവുമെന്ന വിലയിരുത്തലുകള്‍ ശക്തമാവുന്നതിനിടെയാണ് അസെവെദോയുടെ പ്രതികരണം.

ലോക വ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് പോവാന്‍ ട്രംപിന് ഉദ്ദേശമുണ്ടോയെന്നറിയില്ലെന്ന് അസെവെദോ പറഞ്ഞു. പ്രചാരണത്തിലുടനീളം അന്താരാഷ്ട്ര വ്യാപാര കരാറുകളെ അപലപിച്ച ട്രംപ്, അമേരിക്കയിലെ തൊഴിലില്ലായ്മയ്ക്കു കാരണം ഇത്തരം കരാറുകളാണെന്നും ആരോപിച്ചിരുന്നു. ആഗോള സമ്പദ് വ്യവസ്ഥയിലും അന്താരാഷ്ര്ട വ്യാപാര സംവിധാനങ്ങളിലും യുഎസ് നേതൃത്വം നിര്‍ണായകമാണെന്നും അസെവെദോ പറഞ്ഞു.

ട്രംപുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് നേരത്തെയും അസെവെദോ പറഞ്ഞിരുന്നു. ലോക വ്യാപാര സംഘടന ഒരു ദുരന്തമാണെന്നായിരുന്നു പ്രചരണ സമയത്ത് ട്രംപ് ഉയര്‍ത്തിയ വാദം. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് WTO യുടെ നിയമങ്ങള്‍ തടസ്സമാവുകയാണെങ്കില്‍ സംഘടനക്ക് പുറത്തുപോവുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തി. എന്നാല്‍ യുഎസ് പുറത്ത് പോവാന്‍ തീരുമാനിച്ചാലും സംഘടന മുന്നോട്ട് പോവുമെന്ന് അസെവെദോ പറഞ്ഞു.

മെക്സിക്കോക്ക് തൊഴില്‍ വിപണി തുറന്നുകൊടുക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഏറെ ചര്‍ച്ചയായിരുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 45 ശതമാനം നികുതി ചുമത്തുമെന്ന പ്രഖ്യാപനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചൈനയുമായും മെക്സിക്കോയുമായുമുള്ള വ്യാപാര കരാറുകളാണ് തൊഴിലില്ലായ്മക്ക് കാരണമായി ട്രംപ് ഉയര്‍ത്തിക്കാണിച്ചത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News