വികെ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പ അന്തരിച്ചു
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
എഐഎഡിഎംകെ വിമത നേതാവ് വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നടരാജന്റെ കിഡ്നിയും കരളും മാറ്റിവെച്ചിരുന്നു. മൃതദേഹം സ്വദേശമായ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ നടക്കും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയായി, അവര്‍ക്കൊപ്പമായതിനാല്‍ ശശികല ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞായിരുന്നു താമസം. എങ്കിലും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പരോളിലിറങ്ങി ശശികല വന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ് വി കെ ശശികല. ശശികലക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. ചെന്നൈയിലേക്ക് പോകരുതെന്ന നിബന്ധനയോടെയാണ് പരോള്‍.