നീറ്റ് ഈ വര്‍ഷം നടപ്പാക്കില്ല

Update: 2018-06-04 16:40 GMT
Editor : admin
നീറ്റ് ഈ വര്‍ഷം നടപ്പാക്കില്ല
Advertising

സംസ്ഥാന സര്‍ക്കാര്‍ കോളുകളിലെ മുഴുവന്‍ സീറ്റുകളെയും, സ്വകാര്യം മാനേജ്‍മെന്‍റ് കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലും ഈ വര്‍ഷം നീറ്റ് ബാധകമല്ലെന്ന ഓര്‍ഡിനന്‍സില്‍ ഇന്ന് രാവിലെയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പ് വെച്ചത്.

മെഡിക്കല്‍ പ്രവേശത്തിന് നീറ്റ് നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. സംസ്ഥാന സര്‍ക്കാര്‍ കോളുകളിലെ മുഴുവന്‍ സീറ്റുകളെയും, സ്വകാര്യം മാനേജ്‍മെന്‍റ് കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലും ഈ വര്‍ഷം നീറ്റ് ബാധകമല്ലെന്ന ഓര്‍ഡിനന്‍സില്‍ ഇന്ന് രാവിലെയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പ് വെച്ചത്.

സര്‍ക്കാര്‍, സ്വകാര്യ കോളുകളെന്ന ഭേദമില്ലാതെ, രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍ കോഴ്സുകളിലേക്കും പൊതു പ്രവേശ പരീക്ഷയായ നീറ്റ് നടപ്പാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് ഭേദഗതി ചെയ്യണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ മറികടക്കുന്നത്.

കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നു. ഓര്‍ഡിന്‍സ് അംഗീകാരത്തിനായി ഇന്നലെയാണ് രാഷ്ട്രപതിക്ക് അയച്ചത്. അതേസമയം ഇതുസംബന്ധിച്ച് രാഷ്ട്രപതി കേന്ദ്രത്തോട് കൂടുതല്‍ വിശദീകരണം തേടി. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ഇന്നലെ രാഷ്ട്രപതിയെക്കണ്ട് വിശദീകരണം നല്‍കി. തുടര്‍ന്നാണ് ഓര്‍ഡിനന്‍സിന് അന്തിമ അംഗീകാരം നല്‍കി ഇന്ന് രാഷ്ട്രപതി ഒപ്പ് വെച്ചത്. ഓര്‍ഡിനന്‍സ് പ്രകാരം ഭാഗികമായേ നീറ്റ് ഈ വര്‍ഷം നടപ്പിലാക്കുകയുള്ളൂ.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും, സ്വകാര്യ മാനേജ്മെന്‍റ് സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രവേശ പരീക്ഷ നടത്താം. കല്‍പിത സര്‍വ്വകലാശാലകള്‍ക്കും നീറ്റില്‍ ഇളവ് ലഭിക്കും. അതേസമയം, സ്വകാര്യ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളില്‍ നീറ്റ് അടിസ്ഥാനപ്പെടുത്തിയേ പ്രവേശം നല്‍കാവൂ. ഒരു വര്‍ഷത്തേക്ക് മാത്രമേ നീറ്റില്‍ ഈ ഭാഗിക ഇളവ് ഉണ്ടാകൂ എന്നും ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News