മക്കളെ സ്കൂളിലയക്കാത്ത മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് യുപി മന്ത്രി
റാസ്ദയില്‍ ശനിയാഴ്ച നടന്ന പാര്‍ട്ടി റാലിയിലാണ് രാജ്ഭര്‍ പ്രസ്താവന നടത്തിയത്
വിദ്യാഭ്യാസത്തിനായി മക്കളെ സ്‌കൂളുകളില്‍ അയയ്ക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് യുപി മന്ത്രി . ഭിന്നശേഷി വിഭാഗം ക്ഷേമ വകുപ്പു മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. റാസ്ദയില്‍ ശനിയാഴ്ച നടന്ന പാര്‍ട്ടി റാലിയിലാണ് രാജ്ഭര്‍ പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലും തന്റെ നിയമം നടപ്പിലാക്കാന്‍ പോവുകയാണെന്നും കുട്ടികളെ സ്‌കുളുകളിലില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ അഞ്ചുദിവസം ഇരിക്കേണ്ടിവരുമെന്നും അവര്‍ക്ക് ഒരിക്കല്‍ പോലും വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സ്‌കൂളിലയച്ചില്ലെങ്കില്‍ നിങ്ങളെ പോലീസ് വന്ന് പിടികൂടുമെന്ന് മാതാപിതാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളെ സ്‌കൂളുകളില്‍ അയയ്‌ക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ മക്കളോ, നേതാക്കളോ, സഹോദരങ്ങളോ മനസിലാക്കിക്കുന്നതുവരെ ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാക്കിയില്ലെങ്കില്‍ ആറുമാസത്തിനു ശേഷം വീണ്ടും നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മക്കളെ സ്‌കൂളുകളില്‍ അയയ്ക്കാത്തവര്‍ക്കെതിരെ കടുത്തനടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ക്ക് ‘കാപ്പിറ്റല്‍ പണിഷ്‌മെന്റ് ‘ നല്‍കാന്‍ പോലും താന്‍ തയ്യാറാണെന്നും, പ്രസ്താവന വിവാദമായെങ്കിലും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഓം പ്രകാശ് രാജ്ഭര്‍ പറയുന്നത്. സര്‍ക്കാര്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കിയിട്ടും മക്കളെ സ്‌കൂളുകളിലേക്ക് അയയ്ക്കാന്‍ തയ്യാറാകാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.