2014 മുതല്‍ രാജ്യം തെറ്റായ ദിശയില്‍; മോദി സര്‍ക്കാരിനെതിരെ അമര്‍ത്യസെന്‍
അസമത്വം, ജാതിവ്യവസ്ഥ, ദലിത് പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണെന്ന് അമര്‍ത്യസെന്‍
2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍. അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥ എന്ന അവസ്ഥയില്‍ നിന്ന് രാജ്യം പിന്നോട്ടുപോയി. അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് നിലവില്‍ ഇന്ത്യയെന്നും അമര്‍ത്യസെന്‍ പറഞ്ഞു.
20 വര്‍ഷം മുന്‍പ് ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്താന്‍ മാത്രമാണ് ഇക്കാര്യത്തില്‍ നമുക്ക് മുന്‍പിലുള്ളതെന്നും അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു.
അസമത്വം, ജാതിവ്യവസ്ഥ, ദലിത് പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. പ്രതിപക്ഷം ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അമര്‍ത്യസെന്‍ പറഞ്ഞു.