പ്രധാനമന്ത്രി സത്യസന്ധനല്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

15 ലക്ഷം എല്ലാവരുടെയും അക്കൌണ്ടില്‍ വരുമെന്ന് പറഞ്ഞത് ആദ്യത്തെ പൊള്ള വാഗ്ദാനമാണ്. രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞത് അടുത്ത വാഗ്ദാനം.

Update: 2018-07-20 15:59 GMT
Advertising

മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചു. എന്നാല്‍ പ്രധാനമന്ത്രി യുവാക്കളെ വഞ്ചിച്ചു. 15 ലക്ഷം എല്ലാവരുടെയും അക്കൌണ്ടില്‍ വരുമെന്ന് പറഞ്ഞത് ആദ്യത്തെ പൊള്ള വാഗ്ദാനമാണ്. രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞത് അടുത്ത വാഗ്ദാനം. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണം.

പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും റാഫേല്‍ ഇടപാടില്‍ രാജ്യത്തെ വഞ്ചിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തന്റെ കണ്ണിലേക്ക് നോക്കാന്‍ പോലും പ്രധാനമന്ത്രിക്ക് ഭയമാണ്. റാഫേല്‍ ഇടപാടില്‍ ഇന്ത്യുയുമായി ഒരു രഹസ്യകരാറും ഉണ്ടാക്കിയിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് തന്നോട് പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി.

മോദിക്ക് പല വന്‍കിട വ്യവസായികളുമായി ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യവസായി-മോദി ബന്ധം ജനങ്ങള്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകരോട് വലിയ ക്രൂരതയാണ് ഈ സര്‍ക്കാര്‍ കാണിക്കുന്നത്. കര്‍ഷക കടം എഴുതിത്തള്ളാന്‍ സര്‍ക്കാറിന് ധൈര്യമില്ല. സാധാരണക്കാര്‍ക്ക് ഭാരമുണ്ടാക്കി എണ്ണവില ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ വില കൂടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇതിനെല്ലാമം എതിരെ ബിജെപിയുടെ പ്രതിരോധം.

ബിജെപിയോടും ആര്‍എസ്എസിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടവനാണ് താനെന്നും, അവരാണ് എനിക്ക് കോണ്‍ഗ്രസ്സിന്‍റെ മൂല്യം മനസ്സിലാക്കി തന്നതെന്നും രാഹുല്‍ തുറന്നടിച്ചു. നിങ്ങള്‍ക്ക് ഞാന്‍‌ പപ്പു ആയിരിക്കും. പക്ഷേ എന്‍റെ ഉള്ളില്‍ ഇന്ത്യയാണെന്നും നിങ്ങളോട് യാതൊരു വെറുപ്പുമില്ലെന്നും രാഹുല്‍ വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചു. ശേഷം പ്രധാനമന്ത്രിയുടെ അരികിലെത്തിയ രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചു. ഇത് സഭയില്‍ ചിരിയും കൌതുകവുമുണ്ടാക്കി.

ബഹളത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അവിശ്വാസപ്രമേയ ചര്‍ച്ച തുടരുകയാണ്. ശിവസേനയും ബി ജെ ഡിയും ചര്‍ച്ച ബഹിഷ്കരിച്ചു. എ. ഐ ഡി എം കെ സര്‍ക്കാരിനെ പിന്തുണച്ചേക്കും. ആന്ധ്രാപ്രദേശിനോടുള്ള വഞ്ചനക്ക് സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്ക് മറുപടി നല്‍കുമെന്ന് പ്രമേയം അവതരിപ്പിച്ച് ടി.ഡി.പി നേതാവ് ജയദേവ് ഗല്ല പറഞ്ഞു. അസ്വസ്ഥതയും ഭയവുമാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

Tags:    

Similar News