ജമ്മുകശ്മീരില്‍ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ചു; സൈന്യം മൂന്ന് ഭീകരരെ വധിച്ചു
മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം
ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് പേരെ വധിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ട് പോയി വധിച്ച ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട കുല്‍ഗാമിന് തൊട്ടടുത്ത് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. കശ്മീരിലെ ബോബിയയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു.
മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പാകിസ്താനില്‍ നിന്നുള്ള ഭീകരരാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടത് മുഹമ്മദ് സലീമിനെ വധിച്ചവര്‍ തന്നെയാണെന്ന് ജമ്മുകശ്മീര്‍ ഡിജിപി അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കത്വവയിലെ പരിശീലനത്തിനിടെ കുല്‍ഗാമിലെ വീട്ടില്‍ അവധിക്കെത്തിയ മുഹമ്മദ് സലീമിനെ ഭീകരര്‍ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ട് പോയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുല്‍ഗാമിലും അനന്തനാഗിലും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു. കഴിഞ്ഞമാസം സൈനികനായ ഔറംഗസേബിനെയും ഭീകരര്‍ സമാനമായ രീതിയില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.