എംഎല്‍എ, വയസ്സ് 59, ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥി
തന്റെ ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് മാതൃക കാണിക്കുകയാണ് രാജസ്ഥാനിലെ ഉദയ്‍പൂരിലെ ബിജെപി എം.എൽ.എ. ഫൂൽ സിംഗ് മീന. 59 വയസ്സായി ഇപ്പോള്‍ ഫൂല്‍ സിംഗ് മീനയ്ക്ക്. ബിരുദ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ അദ്ദേഹം.
ഒരു ജനപ്രതിനിധി എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്ക് മാതൃകയാവണം. അത്തരത്തില്‍ തന്റെ ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് മാതൃക കാണിക്കുകയാണ് രാജസ്ഥാനിലെ ഉദയ്‍പൂരിലെ ബിജെപി എം.എൽ.എ. ഫൂൽ സിംഗ് മീന. 59 വയസ്സായി ഇപ്പോള്‍ ഫൂല്‍ സിംഗ് മീനയ്ക്ക്. ബിരുദ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ അദ്ദേഹം.
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നതിനാല്‍ പഠനം ഉപേക്ഷിച്ച് കൃഷിക്കാരനാകേണ്ടിവന്നു ഫൂല്‍ സിംഗിന്. തുടർന്നുപഠിക്കാനുള്ള ഫൂല്‍ സിംഗിന്റെ ആഗ്രഹം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ നാലു പെൺമക്കളാണ്. മക്കളുടെ സഹായത്തോടെ വിദ്യാഭ്യാസം തുടരുകയായിരുന്നു അദ്ദേഹം.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പെൺകുട്ടികൾക്ക് പഠനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഫൂല്‍ സിംഗാണ്. മറ്റുള്ളവരെ പഠിക്കാൻ പ്രചോദിപ്പിക്കുമ്പോൾ സ്വന്തം വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ലല്ലോ എന്ന ദുഃഖം വേദനിപ്പിച്ചിരുന്നുവെന്നും ഇത് തന്റെ മക്കള്‍ തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ബിജെപി എംഎല്‍എയായി രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ വെറും ഏഴാം ക്ലാസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. 2013-ലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായി അദ്ദേഹം വീണ്ടും ചേരുന്നത്. പക്ഷേ എംഎല്‍എയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക തിരക്കുകള്‍ മൂലം 2016 ലാണ് പരീക്ഷയെഴുതാനായത്. 2017-ൽ തന്നെ പ്ലസ്ടുവും പാസായി. ഏതാനും മാസങ്ങൾക്കുമുമ്പ് എഴുതിയ ബി.എ. ഒന്നാംവർഷ പരീക്ഷയുടെ ഫലംകാത്തിരിക്കുകയാണ് ഫൂൽ സിങ് മീന.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പ്രചാരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ നിരവധി പദ്ധതികളാണ് അദ്ദേഹം തന്റെ മണ്ഡലത്തില്‍ നടപ്പാക്കിയത്. 2016 ല്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയ രണ്ട് പെണ്‍കുട്ടികള്‍ക്കും 2017 ല്‍ ആറ് പെണ്‍കുട്ടികള്‍ക്കും ജയ്പൂരിലേക്ക് സൌജന്യ വിമാനയാത്ര അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.