ആല്‍വാറിലെ ആള്‍ക്കൂട്ടക്കൊല: ഞങ്ങള്‍ എം.എല്‍.എയുടെ ആളുകള്‍; നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല
നിര്‍ണായക വെളിപ്പെടുത്തലുമായി പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ റക്ബര്‍ ഖാന്റെ സുഹൃത്ത് അസ്ലം.
നിര്‍ണായക വെളിപ്പെടുത്തലുമായി പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ റക്ബര്‍ ഖാന്റെ സുഹൃത്ത് അസ്ലം. ഞങ്ങള്‍ എം.എല്‍.എയുടെ ആളുകളാണ്, നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല, അവരെ തീയിടൂ എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് കേട്ടതായി അസ്ലം പൊലീസിന് എഴുതി നല്‍കിയ മൊഴിയില്‍ പറയുന്നു. റക്ബറിനൊപ്പം അസ്ലമും ഉണ്ടായിരുന്നു. പശുക്കടത്താരോപിച്ച് മര്‍ദ്ദിക്കുന്നവര്‍ക്ക് പിന്നില്‍ പ്രാദേശക രാഷ്ട്രീയ നേതാക്കളും ഉന്നതരും ഉണ്ടെന്ന വാര്‍ത്തകളെ ശരിവെക്കുന്നതാണ് അസ്ലമിന്റെ മൊഴി.
Policemen in #Alwar took 3 hrs to get a dying Rakbar Khan, the victim of a lynch mob, to a hospital just 6 KM away.
— Rahul Gandhi (@RahulGandhi) July 23, 2018
Why?
They took a tea-break enroute.
This is Modi’s brutal “New India” where humanity is replaced with hatred and people are crushed and left to die. https://t.co/sNdzX6eVSU
ഒരു വെടിയൊച്ച കേട്ടതായും തുടര്‍ന്നാണ് തങ്ങള്‍ക്ക് മേല്‍ മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും അസ്ലം പറയുന്നു. മര്‍ദ്ദകരുടെ ഇടയില്‍ നിന്ന് അസ്ലം ഓടുകയും വേറൊരു സ്ഥലത്ത് അഭയം തേടുകയുമായിരുന്നു. രാത്രി 11.40 ഓടെയാണ് ആക്രമണം ഉണ്ടാകുന്നത്, പൊലീസ് എത്തിയത് 12.15നും. എന്നാല്‍ റഖ്ബര്‍ ഖാനെ ആസ്പത്രിയിലെത്തിച്ചത് പുലര്‍ച്ചെ നാല് മണിക്കും. ഈ സമയമത്രയും വേദനകൊണ്ട് പുളഞ്ഞ റഖ്ബര്‍ ഖാന്‍ ആസ്പത്രിയിലെത്തിക്കാനാവശ്യപ്പെട്ടുവെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊലീസ് ജീപ്പില്‍ വെച്ച് പൊലീസുകാരന്‍ റഖ്ബര്‍ ഖാനെ മര്‍ദ്ദിക്കുന്നതായി കണ്ടതായി ഒരു പ്രദേശവാസിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് റഖ്ബര്‍ ഖാന്‍ മരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം വിവാദം കനത്തതിനെ തുടര്‍ന്ന് ഉന്നത തല അന്വേഷണം രാജസ്ഥാന്‍ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് പ്രധാനമായും ഈ സംഘം അന്വേഷിക്കുക. സംഭവസ്ഥലത്ത് നിന്ന് 20 മിനുറ്റ് സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരമെ ആശുപത്രിയിലേക്കൊള്ളൂ. ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. .