അസം പൗരത്വ പട്ടികക്ക് പുറത്തുള്ളവരെ ദ്രോഹിക്കരുതെന്ന് സുപ്രീം കോടതി
എല്ലാവര്‍ക്കും പൗരത്വം തെളിയിക്കാന്‍ ന്യായമായ സമയം അനുവദിക്കണമെന്നും ജസ്റ്റിസുമാരായ രജ്ഞന്‍ ഗഗോയ് ആര്‍.എഫ് നരിമാന്‍ എന്നിവരുടെ ബഞ്ച് വ്യക്തമാക്കി
അസമില്‍ കരട് പൗരത്വ രജിസ്റ്ററില്‍ ഉള്‍പെടാത്തവര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി. എല്ലാവര്‍ക്കും പൗരത്വം തെളിയിക്കാന്‍ ന്യായവും ഉചിതവുമായ സമയം നല്‍കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ സുതാര്യമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്തിമ പട്ടിക പ്രസിദ്ധീകരിക്കേണ്ട തിയ്യതി കോടതിക്ക് തീരുമാനിക്കാമെന്ന് എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയും വ്യക്തമാക്കി.
അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. 40,07,707 പേര്‍ക്ക് ഈ പട്ടികയില്‍ ഇടം നേടാനായിട്ടില്ല. ഇവര്‍ കടുത്ത ആശങ്കയില്‍ കഴിയവെയാണ് കര്‍ശന നടപടികള്‍ പാടില്ലെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എല്ലാവര്‍ക്കും പൗരത്വം തെളിയിക്കാന്‍ ന്യായമായ സമയം അനുവദിക്കണമെന്നും ജസ്റ്റിസുമാരായ രജ്ഞന്‍ ഗഗോയ് ആര്‍.എഫ് നരിമാന്‍ എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.
പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിക്കാനും കൃത്യാമയ നപടിക്രമങ്ങള്‍ തയ്യാറാക്കണം. ഇതിനനുസരിച്ച് സുതാര്യമായി വേണം ഇനിയുള്ള രജിസ്‌ട്രേഷന്‍ നടപടികളെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ കരട് പട്ടികയില്‍ ഇടം നേടാത്ത എല്ലാവരുടെയും അപേക്ഷ നിരസിച്ചിട്ടില്ലെന്ന് പൗരത്വ രജിസറ്റര്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല കോടതിയെ അറിയിച്ചു. 37,59,000 പേരുടെ അപേക്ഷകള്‍ മാത്രമാണ് തള്ളിയത്. ബാക്കി 2,48,000 അപേക്ഷകളില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഹജേല വ്യക്തമാക്കി.
അസമിലുള്ള 20,000ത്തോളം വരുന്ന ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പൗരത്വ രജിസ്റ്ററേഷനുള്ള അപക്ഷേ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് അവരുടെ സംഘടന കോടതിയെ അറിയിച്ചു. എന്നാല്‍ അപേക്ഷക്ക് ഇനിയും സമയം അനുവദിക്കാനാകില്ലെന്നും അടുത്തമാസം പരാതി ബോധിപ്പിക്കാനുള്ള സമയം ഉപയോഗപ്പെടുത്താം എന്നുമായിരുന്നു കോടതിയുടെ മറുപടി. കേസ് അടുത്തമാസം 16 ന് വീണ്ടും പരിഗണിക്കും.