ബിഹാറില്‍ മൂന്നു വയസുകാരി 225 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കുട്ടിയെ രക്ഷിക്കാന്‍ ഇനിയും നാലു മണിക്കൂറെടുക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ ഫണ്ട് (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു
ബിഹാറിലെ മുന്‍ഗര്‍ ജില്ലയില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടി 225 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണു. സന എന്ന കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുട്ടി 42 അടി താഴ്ചയിലാണ് കിണറില്‍ കുടുങ്ങിയിട്ടുള്ളതെന്നും മാതാപിതാക്കളുടെ വിളികളോട് പ്രതികരിക്കുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടിയെ രക്ഷിക്കാന്‍ ഇനിയും നാലു മണിക്കൂറെടുക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ ഫണ്ട് (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഏഴ് അടി കൂടുതല്‍ ഇനി കുഴിക്കണം. കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഓക്‌സിജന്‍ കിറ്റും കുട്ടിയുടെ സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ശരിയാക്കിയിട്ടുണ്ടെന്നും കുമാര്‍ അറിയിച്ചു.