പൌരത്വ പട്ടികയില്‍ നിന്ന് പുറത്തായവരില്‍ അസമിലെ ആദ്യ വനിത മുഖ്യമന്ത്രിയും

അസമിലെ ആദ്യ വനിത മുഖ്യമന്ത്രിയായ സൈദ അന്‍വാറ തൈമൂറാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഇതിനിടെ ബിജെപിയുടെ രണ്ട് മുഖ്യമന്ത്രിമാരുടെ സ്വദേശം ഇന്ത്യയല്ലെന്ന ചര്‍ച്ചകളും സജീവമായി.

Update: 2018-08-04 07:11 GMT
Advertising

അസം പൌരത്വ പട്ടികയുടെ അന്തിമ കരടില്‍ പുറത്തായവരില്‍ മുന്‍ മുഖ്യമന്ത്രിയും. അസമിലെ ആദ്യ വനിത മുഖ്യമന്ത്രിയായ സൈദ അന്‍വാറ തൈമൂറാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഇതിനിടെ ബിജെപിയുടെ രണ്ട് മുഖ്യമന്ത്രിമാരുടെ സ്വദേശം ഇന്ത്യയല്ലെന്ന ചര്‍ച്ചകളും സജീവമായി. ബംഗ്ലാദേശി കുടുംബത്തില്‍ അംഗമായ ത്രിപുര മുഖ്യമന്ത്രിയുടെയും മ്യാന്മറില്‍ ജനിച്ച ഗുജറാത്ത് മുഖ്യമന്ത്രിയുടെയും ബന്ധങ്ങളാണ് വിവാദമായത്.

രാജ്യത്ത് ആദ്യമായി മുഖ്യമന്ത്രി പദവിയിലെത്തിയ മുസ്ലിം വനിതയാണ് അസം പൌരത്വപട്ടികയില്‍ നിന്ന് പുത്താക്കപ്പെട്ടെ സൈദ അന്‍വാറ തൈമൂര്‍. 1980 മുതല്‍ 81 വരെയായിരുന്നു തൈമൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. രണ്ട് മന്ത്രിസഭകളില്‍ അംഗമായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. രാജ്യസഭാംഗവുമായും പ്രവര്‍ത്തിച്ചു.

പട്ടികയില്‍ നിന്ന് പുറത്തായതില്‍ ദുഃഖമുണ്ടെന്ന് സൈദ അന്‍വാറ തൈമൂര്‍ പ്രതികരിച്ചു. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിലെയും ത്രിപുരയിലെയും മുഖ്യമന്ത്രിമാരുടെ സ്വദേശം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. ബംഗ്ലാദേശുകാരായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്‍റെ കുടുംബം 1971 ലാണ് ഇന്ത്യയിലെത്തുന്നത്. ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത വലിയ പ്രധാന്യത്തോടെയാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപണിയാവട്ടെ മ്യാന്‍മാറുകാരനാണ്. രൂപാണിക്ക് നാലുവയസ്സുള്ളപ്പോള്‍ ആണ് മ്യാന്‍മാറില്‍ നിന്ന് കുടുബം ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നാല്‍പത് ലക്ഷംപേരാണ് അസം പൌരത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

Tags:    

Similar News