കൈലാസ മാനസരോവര്‍ യാത്രക്കായി രാഹുല്‍ഗാന്ധി; വിശദാംശങ്ങള്‍ പുറത്തുവിടാതെ കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള വിമാനയാത്രക്കിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷം മാനസരോവറിലേക്ക് യാത്ര പോകണമെന്ന് തീരുമാനിച്ചതായും രാഹുല്‍ പറഞ്ഞിരുന്നു
കൈലാസ തീര്‍ത്ഥാടന യാത്ര നടത്തുന്ന രാഹുല്‍ഗാന്ധി ഇന്ന് കാഠ്മണ്ഡുവില്‍ നിന്ന് നേപ്പാള്‍ ഗഞ്ചിലേക്ക് പുറപ്പെടും. പന്ത്രണ്ട് ദിവസത്തോളമെടുത്താണ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുക. സുരക്ഷ കാരണങ്ങളാല്‍ യാത്രയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടില്ല
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് മാനസരോവറിലേക്ക് തീര്‍ത്ഥയാത്ര നടത്താന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള വിമാനയാത്രക്കിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷം മാനസരോവറിലേക്ക് യാത്ര പോകണമെന്ന് തീരുമാനിച്ചതായും രാഹുല്‍ പറഞ്ഞിരുന്നു. അതാണ് അഞ്ച് മാസങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് അധ്യക്ഷന്‍ നിറവേറ്റുന്നത്.
പന്ത്രണ്ട് ദിവസത്തോളമെടുക്കുന്ന കൈലാസ യാത്രക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. 51 കിലോമീറ്ററോളം ദുര്‍ഘടമായ സാഹചര്യത്തിലൂടെ കാല്‍നടയായി വേണം കൈലാസ മാനസസരോവര്‍ യാത്ര പൂര്‍ത്തിയാക്കാന്‍. ഇതിന് ചൈനീസ് അധികൃതരുടെ അനുമതിയും രാഹുല്‍ഗാന്ധിക്ക് ലഭ്യമായിട്ടുണ്ട്. 2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ നടത്തുന്ന യാത്രക്ക് വലിയ രാഷ്ട്രീയമാനവും ഉണ്ട്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്റെ തീര്‍ത്ഥയാത്രയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാഹുലിന് ചൈനീസ് ബന്ധമുണ്ടെന്നാണ് ബിജെപി ആരോപിച്ചത്. ചൈന രാഹുലിന്റെ പ്രിയപ്പെട്ട രാജ്യമാണെന്നും ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു. എന്നാല്‍ രാഹുലിന്റെ കൈലാസ യാത്രക്ക് ബിജെപി പ്രതിബന്ധങ്ങള്‍ ഒരുക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ശിവഭക്തനായി രാഹുലിന്റെ തീര്‍ത്ഥാടനയാത്രയെ ബിജെപിയും മോദിയും എന്തിനാണ് ഭയപ്പെടുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.