അറിയുമോ...ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം തുടങ്ങിയത് ഇങ്ങിനെയായിരുന്നു
ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം തുടങ്ങുന്നത് 1959 സെപ്തംബര്‍ 15നാണ്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലികമായുണ്ടാക്കിയ സ്റ്റുഡിയോയിലും ആരംഭിച്ച സംപ്രേക്ഷണമാണ് പിന്നീട് ഒരു സുവര്‍ണ്ണകാലഘട്ടം ദൂരദര്‍ശന് സ്വന്തമാക്കി കൊടുത്തത്.
യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളും ഉപയോഗിച്ച് 1959 സെപ്തംബര്‍ 15നാണ് ദൂരദര്‍ശന്റെ ആദ്യസിഗ്നലുകള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തില്‍ അലയടിച്ചത്. ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ച സ്റ്റുഡിയോയില്‍ നിന്നായിരുന്നു ആദ്യ സംപ്രേക്ഷണം. ട്രാന്‍സിമിറ്ററിന്റെ ശേഷി കുറവായിരുന്നതിനാല്‍ ഡല്‍ഹിക്കുചുറ്റും 40 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ പരിപാടികള്‍ ലഭ്യമായിരുന്നുള്ളു. ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു പ്രവര്‍ത്തനം. ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷം 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്. ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982-ൽ ആരംഭിച്ചു. 82-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും ദൂരദർശൻ ലൈവായി സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകര്‍ക്ക് നൂതന അനുഭവമായി. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് പരമ്പര കളും രംഗോലി, ചിത്രഹാര്‍, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എൺപതുകളെ ദൂരദർശൻ കീഴടക്കി.
1985 ജനുവരിയിലാണ് ആദ്യ മലയാളം കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങുന്നത്. ഇപ്പോള്‍ 22 ഭാഷകളിലായി 30 ചാനലുകള്‍ ദൂരദർശനുണ്ട്. സ്വകാര്യ ചാനലുകളുടെ തള്ളിക്കയറ്റം ദൂരദർശന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ കുറവു വരുത്തി. വരുമാനവും നിലവാരവും പിന്നോട്ട് പോയി എന്ന പരാതികള്‍ ഉയര്‍ന്നു. എന്നാല്‍ ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനല്‍ എന്ന ഖ്യാതി ദൂരദര്‍ശന് മാത്രമാണ്.