ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയ വോട്ടെണ്ണല്‍ പുനരാരംഭിച്ചു
ബാലറ്റ് പെട്ടി അടക്കം പിടിച്ചെടുക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെണ്ണല്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടണ്ണല്‍ രാത്രിയോടെയാണ് ആരംഭിച്ചത്. ബാലറ്റ് പെട്ടി അടക്കം പിടിച്ചെടുക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെണ്ണല്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
തങ്ങളുടെ പ്രതിനിധിയില്ലാതെ വോട്ടെണ്ണല്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു എ.ബി.വി.പി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം നടത്തിയത്. സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ അടക്കം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറുകയും ബാലറ്റ് പെട്ടി പിടിച്ചെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. പിന്നീട് നിര്‍ത്തിവെച്ച വോട്ടെണ്ണല്‍ 12 മണിക്കൂറുകള്‍ക്ക് ശേഷം വൈകിട്ട് ആറേ മുക്കാലോടെയാണ് ആരംഭിച്ചത്. ഇതിനിടെ എ.ബി.വി.പിയുടെ ശക്തികേന്ദ്രങ്ങളായ സയന്‍സ് ഡിവിഷനിലെ കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ വരെ ഇടത് സ്വതന്ത്രന്മാര്‍ ജയിച്ച് കയറി.
അതിക്രമം നടത്തിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ കയറ്റാതെ ഒരു അധ്യാപകനെ നിരീക്ഷണത്തിനായി നിയോഗിച്ചാണ് സര്‍വകലാശാല തെരഞ്ഞെടുപ്പ് കമ്മിറ്റി വോട്ടെണ്ണല്‍ നടത്തുന്നത്. അതേസമയം സര്‍വകലാശാല തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്ന് എ.ബി.വി.പി ആരോപിച്ചു. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ പ്രധാന സ്ഥാനങ്ങളിലേക്കും മറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കൌണ്‍സിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.