രാജസ്ഥാനില്‍ അപകടത്തില്‍ മരിച്ച സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം നടുറോഡില്‍

ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ റോഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ഇതാദ്യമായല്ലെന്നും നടപടി വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Update: 2018-09-28 04:23 GMT
Advertising

രാജസ്ഥാനിലെ ബാര്‍മറില്‍ ഷോക്കേറ്റ് മരിച്ച രണ്ട് സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത് നടുറോഡില്‍. പ്രദേശത്ത് 100 കിലോമീറ്റര്‍ ചുറ്റളവില്‍ മോര്‍ച്ചറി ഇല്ലാത്തതിനാല്‍ 'മാനുഷിക പരിഗണന നല്‍കി' പോസ്റ്റ്മോര്‍ട്ടം റോഡില്‍ വെച്ച് നടത്തിയതെന്നാണ് അധികൃതരുടെ ന്യായീകരണം.

ബാര്‍മറിലെ ഗദാര റോഡില്‍ താമസിക്കുന്ന രാജാദേവി, മരുമകള്‍ മായ കന്‍വാര്‍ എന്നിവരാണ് മരണപ്പെട്ടത്. ടെറസിന് മുകളിലെ അഴയില്‍ തുണികള്‍ വിരിക്കുന്നതിനിടെ ഇലക്ട്രിക് കമ്പിയില്‍ നിന്നും മായക്ക് ഷോക്കേല്‍ക്കുകയായിരുന്നു. മായയുടെ നിലവിളി കേട്ട് ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ച രാജാദേവിക്കും ഇവരുടെ ഭര്‍ത്താവ് പദം സിംങിനും ഷോക്കേറ്റു.

മൂവരെയും ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഗാന്ദ്ര പ്രൈമറി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും മായയും രാജാദേവിയും മരണപ്പെടുകയായിരുന്നു. പദം സിംങിനെ വിദഗ്ധ ചികിത്സക്കായി ബര്‍മറിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മരണം സ്ഥിരീകരിച്ചതോടെ രാജ ദേവിയുടെയും മായയുടെയും മൃതദേഹങ്ങള്‍ ഡോക്ടര്‍മാര്‍ നടുറോഡില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.

ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ റോഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ഇതാദ്യമായല്ലെന്നും നടപടി വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രാജസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതരോട് വിശദീകരണം തേടി.

Tags:    

Similar News