വ്യാജഏറ്റുമുട്ടല്‍: മേജര്‍ ജനറല്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം

അസമില്‍ 24 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Update: 2018-10-15 03:15 GMT
Advertising

വ്യാജഏറ്റുമുട്ടല്‍ കേസില്‍ മേജര്‍ ജനറല്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് കോടതി ജീവപര്യന്തം വിധിച്ചു. അസമില്‍ 24 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മേജര്‍ ജനറല്‍ എ. കെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍.എസ് സിബിരന്‍, ക്യാപ്റ്റന്‍മാരായ ദിലിപ് സിങ്, ജഗ്ദോ സിങ്, നായിക് അല്‍ബിന്ദര്‍ സിങ്, നായിക് ശിവേന്ദര്‍ സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍.

1994 ഫെബ്രുവരി 18നാണ് അസമിലെ ടിനുസുക്യയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേയില എസ്റ്റേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ കൊലയുമായി ബന്ധപ്പെട്ടായിരുന്നു വ്യാജഏറ്റുമുട്ടല്‍. ഉള്‍ഫ തീവ്രവാദികളാണ് ഉദ്യോഗസ്ഥനെ കൊന്നതെന്നായിരുന്നു നിഗമനം. ഉള്‍ഫ തീവ്രവാദികളെന്ന് ആരോപിച്ച് അഞ്ച് യുവാക്കളെ സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ യുവാക്കള്‍ ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രവര്‍ത്തകരായിരുന്നു.

അന്ന് ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ നേതാവും പിന്നീട് ബി.ജെ.പി നേതാവുമായ ജഗദീഷ് ഭുയാനാണ് ഏറ്റുമുട്ടല്‍ കൊലക്കെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചത്. കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സൈനിക കോടതിയില്‍ നടന്ന വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചത്.

Tags:    

Similar News