നജീബിന്റെ തിരോധാനത്തില്‍ നീതി തേടി ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്
ഫാത്തിമ നഫീസക്കും രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്കും പുറമെ കൊല്ലപ്പെട്ട ജുനൈദിന്റെ മാതാവ് സൈറ ഖാന്‍, ഗുജറാത്തില്‍ നിന്നും കാണാതായ മജീദിന്റെ ഭാര്യ അഷിയാന തെബ തുടങ്ങിയവരും എത്തിയിരുന്നു.
നജീബിന്റെ തിരോധാനത്തില്‍ നീതി തേടിയും സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കുമെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്. യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ മണ്ടി ഹൌസില്‍ നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേക്കായിരുന്നു മാര്‍ച്ച്. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല തുടങ്ങിയവരും പരിപാടിക്കെത്തിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ത്ഥിയായ നജീബിനെ കാണാതാകുന്നത്. തിരോധാനം സംബന്ധിച്ച അന്വേഷണം സി.ബി.ഐ കഴിഞ്ഞയാഴ്ച അവസാനപ്പിച്ച സാഹചര്യത്തിലാണ് യുണൈറ്റഡ് എഗൈനിസ്റ്റ് ഹെയ്റ്റ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നജീബിന്റെ തിരോധാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാതാവ് ഫാത്തിമ നഫീസ പറഞ്ഞു. ഫാത്തിമ നഫീസക്കും രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്കും പുറമെ പശുവിറച്ചിയുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജുനൈദിന്റെ മാതാവ് സൈറ ഖാന്‍, ഗുജറാത്തില്‍ നിന്നും കാണാതായ മജീദിന്റെ ഭാര്യ അഷിയാന തെബ തുടങ്ങിയവരും പരിപാടിക്കെത്തിയിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, ജെ.എന്‍.യു- ജാമിയ- ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി.