എം.ജെ അക്ബറിന്റെ മാനനഷ്ടകേസ് പാട്യാല ഹൌസ് കോടതി ഇന്ന് പരിഗണിച്ചേക്കും

ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ സമൂഹം വിരല്‍ ചൂണ്ടുമ്പോള്‍ പ്രധാനമന്ത്രി നിശബ്ദനായി ഇരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

Update: 2018-10-16 02:38 GMT
Advertising

കേന്ദ്ര സഹമന്ത്രി എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് പാട്യാല ഹൌസ് കോടതി ഇന്ന് പരിഗണിച്ചേക്കും. തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്ക് എതിരെ മാത്രമാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്. നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും, സത്യം എന്നത് ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പറഞ്ഞു. ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ സമൂഹം വിരല്‍ ചൂണ്ടുമ്പോള്‍ പ്രധാനമന്ത്രി നിശബ്ദനായി ഇരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ പറഞ്ഞു.

പതിനൊന്ന് വനിത മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിട്ടും ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് സഹമന്ത്രി പരാതി നല്‍കിയിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നില്‍ ഗൂഢമായ അജണ്ടയുണ്ടെന്നും മാനനഷ്ടകേസില്‍ മന്ത്രി ആരോപിക്കുന്നു. പതിമൂന്ന് സാക്ഷികളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്യാല ഹൌസ് കോടതി ഇന്ന് ഉച്ചക്ക് ശേഷം പരാതി പരിഗണിക്കാനാണ് സാധ്യത.

എന്നാല്‍ നിയമനടപടികള്‍ നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് ആദ്യം അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രസ്താവനയില്‍ വ്യക്തമാക്കി. സത്യമെന്നത് തന്‍റെ ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും കേസ് നല്‍കിയതിലൂടെ ആരോപണം ഉന്നയിച്ചവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് അക്ബറിന്‍റെ ശ്രമമെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലും വകുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ എം.ജെ അക്ബര്‍ പുനരാംരഭിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സഹമന്ത്രിക്കെതിരെ ഗൌരവമായ ലൈംഗികാതിക്രമ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രാജി ആവശ്യപ്പെടാത്തത് വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Tags:    

Similar News