ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്നാക്കണമെന്ന് വി.എച്ച്.പി
ഫൈസാബാദും അയോധ്യയും യോജിപ്പിച്ച് ശ്രീ അയോധ്യയെന്നു പേരു നല്‍കണമെന്നും ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ അലഹാബാദിനു പിന്നാലെ ഫൈസാബാദിന്റേയും പേരുമാറുമെന്ന് സൂചന. ഫൈസാബാദും അയോധ്യയും യോജിപ്പിച്ച് ശ്രീ അയോധ്യയെന്നു പേരു നല്‍കണമെന്നും ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ചാനലായ ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച വി.എച്ച്.പി വക്താവ് ശരദ് ശര്‍മ്മ ജനവികാരം മനസ്സിലാക്കി സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യയെന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ ആറിന് നടക്കുന്ന ദീപുത്സവില്‍ വച്ച് ഫൈസാബാദിന്റെ പേര് മാറ്റണമെന്നാണ് വി.എച്ച്.പി ആവശ്യം.
ചൊവ്വഴ്ചയാണ് അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിയത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. കുംഭമേളക്ക് മുമ്പായി അലഹബാദിന്റെ പേര് മാറ്റാനുള്ള തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മന്ത്രി സിദ്ധാര്‍ഥ് നാഥ്‌സിംങ് മാധ്യമങ്ങളോട് പറഞ്ഞത്. ഋഗ്വേദത്തിലും മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം പ്രദേശത്തിന് പ്രയാഗ്‌രാജ് എന്നാണ് പേരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് പേര് മാറ്റുകയല്ല 500 കൊല്ലം മുമ്പത്തെ പേര് പുനസ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് യു.പി സര്‍ക്കാരിന്റെ വാദം.
പേരുമാറ്റത്തിലൂടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. 1575ല്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറാണ് അലഹബാദ് നഗരത്തിന് ആ പേര് നല്‍കിയത്. ദൈവത്തിന്റെ ആലയം എന്നാണ് അലഹബാദ് എന്ന വാക്കിന്റെ അര്‍ഥം.