കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ
ഉദ്ഘാടനത്തിന് മുമ്പെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിമാനമിറങ്ങും. ഈ മാസം ഇരുപത്തിയേഴിന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കിയാല്‍ അമിത് ഷാക്ക് യാത്രാനുമതി നല്‍കിയത്.
ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ ശനിയാഴ്ച കണ്ണൂരിലെത്തുന്നത്. പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലിറങ്ങി അവിടെ നിന്ന് കാര്‍ മാര്‍ഗം കണ്ണൂരിലെത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വ്യോമയാന ഡയറക്ടറേറ്റിന്റെ അന്തിമാനുമതി ലഭിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ വിമാനമിറക്കാന്‍ അനുമതി തേടി ബി.ജെ.പി നേതൃത്വം കിയാലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അമിത് ഷാക്ക് കണ്ണൂരില്‍ വിമാനമിറങ്ങാന്‍ അനുമതി ലഭിച്ചത്.
ഉദ്ഘാടനത്തിന് മുന്നെ യാത്രാ വിമാനമിറക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്നായിരുന്നു കിയാലിന്റെ ആദ്യ തീരുമാനം. എന്നാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സമ്മര്‍ദം ശക്തമാക്കിയതോടെ അമിത് ഷാക്ക് വിമാനമിറങ്ങാന്‍ ഇന്ന് അനുമതി നല്‍കുകയായിരുന്നു. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരനാവും അമിത് ഷാ.