സി.ബി.ഐയുടെ പുതിയ തലവന്‍ നാഗേശ്വര്‍ റാവുനെതിരെയും ഉയരുന്നത് കടുത്ത അഴിമതി
കേന്ദ്ര സർക്കാരിന് അനിവാര്യനായ നാഗേശ്വർ റാവുവിന്റെ ചുമതലയിലെത്തിച്ച് റഫാല്‍ കേസ് ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു
പ്രതികാര നടപടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ അർധരാത്രിയിലെ ഉത്തരവിലൂടെ മാറ്റിയ സി.ബി.ഐ ഡയറക്ടർ അലോക് വര്‍മയുടെ പകരക്കാരൻ നാഗേശ്വര്‍ റാവുനെതിരേയും ഉയരുന്നത് കടുത്ത അഴിമതി. ഭൂമി തട്ടിപ്പ്, കേസ് അട്ടിമറിക്കല്‍, തുടങ്ങി നിരവധി പരാതികളാണ് പുറത്ത് വരുന്നത്. ആരോപണങ്ങളുമായി പ്രതിപക്ഷവും രംഗത്തുണ്ട്. സി.ബി.ഐയുടെ വിശ്യാസ്യത കാത്തുസൂക്ഷിക്കാനാണ് തലവനായിരുന്ന അലോക് വര്‍മ്മയെ മാറ്റിയതെന്നാണ് കേന്ദ്രസർക്കാർ ന്യായീകരണം. എന്നാൽ ആ വാദത്തെ പൊളിക്കുന്നതാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ.
നിലവിൽ സി.ബി.ഐയുടെ ചുമതലയുള്ള നാഗേശ്വർ റാവുവിനെതിരെ അട്ടിമറിയും ക്രമക്കേടും സംബന്ധിച്ച ആരോപണങ്ങൾ 2014 മുതൽ ശക്തമാണ്. ഒഡീഷയിൽ അഗ്നിശമനസേനയുടെ അഡീഷണൽ ഡയറക്ടർ ജനറലായിരുന്നപ്പോൾ യൂണിഫോം അഴിമതിയുമായി ബന്ധപ്പെട്ടാണ് നാഗേശ്വ റാവുവിന്റെ പേര് ആദ്യം ഉയർന്ന് കേട്ടത്. പിന്നീട് വ്യാജ കമ്പനികള്‍ വഴി ഭാര്യ സന്ധ്യയുടെ പേരില്‍ ഭൂമി വാങ്ങിയതായും, വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒഡീഷയില്‍ ഭൂമി സ്വന്തമാക്കിയതായും പരാതികള്‍ ഉയർന്നു. തമിഴ്‌നാട്ടിലെ എച്ച്.ടിഎല്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് നാഗേശ്വര്‍ റാവു അട്ടിമറിച്ചതായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലില്‍ ചൂണ്ടികാട്ടുന്നു.
നാഗേശ്വർ റാവുവിനെതിരായ ആരോപണങ്ങൾ നേരത്തെ അലോക് വര്‍മ ആവർത്തിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.¤എന്നാല്‍ അലോക്കിനെ സി.ബി.ഐ ഡയറക്ടർ പദവിയിൽ നിന്നും മാറ്റാൻ നിർദേശിച്ച അതേ കേന്ദ്ര വിജിലന്‍സ് കമ്മീഷർ കെ.വി.ചൗധരി തന്നെ അന്ന് അന്വേഷണ അനുമതി നിഷേധിച്ചു. അതിനാൽ കേന്ദ്ര സർക്കാരിന് അനിവാര്യനായ നാഗേശ്വർ റാവുവിന്റെ ചുമതലയിലെത്തിച്ച് റഫാല്‍ കേസ് ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സമാന ആരോപണം അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ റഫാൽ ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജിയും പ്രശാന്ത് ഭൂഷൻ, മുൻ ബി.ജെ.പി നേതാക്കളായ യശ്വന്ത് സിൻഹക്കം അരുൺ ഷൂരിക്കും ഒപ്പം നൽകിയിട്ടുണ്ട്.