അലോക് വർമ്മക്കെതിരെ സി.വി.സി അന്വേഷിക്കുന്നത് ഒമ്പതോളം കേസുകൾ
സുപ്രീംകോടതി നിർദ്ദേശം വന്നതോടെ സി.വി.സിക്ക് ജസ്റ്റിസ് എ.കെ പട്നായിക്കിന്റെ മേൽനോട്ടത്തിൽ 14 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കേണ്ടത് ഒൻപതോളം കേസുകളിലാണ്
സി.ബി.ഐ ഡയറക്ടർ ചുമതലയിൽ നിന്നും മാറ്റിയ അലോക് വർമ്മക്കെതിരായി സി.വി.സി അന്വേഷിക്കുന്നത് ഒമ്പതോളം കേസുകൾ. മോയിൻ ഖുറേഷി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയർന്ന കൈക്കൂലി ആരോപണം സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരായുള്ളതുപോലെ അലോക് വർമ്മയ്ക്ക് എതിരായുമുണ്ട്. ഐ.ആർ.സി.ടി.സി, ഐ.എൻ.എക്സ് മീഡിയ കേസ് അന്വേഷണങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്കായി ഇടപെട്ടു എന്ന പരാതിയും സി.വി.സി അന്വേഷിക്കുന്നവയിൽ പെടുന്നു.
സുപ്രീംകോടതി നിർദ്ദേശം വന്നതോടെ സി.വി.സിക്ക് ജസ്റ്റിസ് എ.കെ പട്നായിക്കിന്റെ മേൽനോട്ടത്തിൽ 14 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കേണ്ടത് ഒൻപതോളം കേസുകളിലാണ്. പരാതികളിൽ ഭൂരിഭാഗവും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയവയാണ്. മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഹൈദരാബാദ് വ്യവസായി സതീഷ് സനയെ രക്ഷിക്കാൻ രണ്ട് കോടി വാങ്ങി അറസ്റ്റ് തടഞ്ഞു, സനയുടെ കേസ് ഫയൽ നാല് ദിവസത്തോളം പിടിച്ചുവെച്ചു എന്ന അസ്താനയുടെ പരാതികളാണ് സി.വി.സി അന്വേഷിക്കുന്നവയിൽ മുഖ്യം.
ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും കുടുംബാംഗങ്ങളും പ്രതികളായ ഐ.ആർ.സി.ടി.സി അഴിമതിക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു, കൽക്കരി അഴിമതിക്കേസിലെ പ്രതിയെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരം കിട്ടിയിട്ടും നടപടിയെടുത്തില്ല, മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരവും മകൻ കാർത്തി ചിദംബരവും പ്രതിയായ ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ അസ്താനയെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു ഇങ്ങനെ നീണ്ടുപോകുന്നതാണ് സി.വി.സി അന്വേഷിക്കുന്ന അസ്താന യുടെ പരാതികളുടെ പട്ടിക.
സി.ബി.ഐയുടെ അന്വേഷണം ജസ്റ്റിസ് പട്നായിക്കിനെ മേൽനോട്ടത്തിലാണ് എന്നുള്ളതാണ് അലോക് വർമ്മക്ക് ആശ്വാസകരമായി ഉള്ളത്. അഴിമതിക്കേസുകളിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന് സി.ബി.ഐ സർക്കാരിൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന വകുപ്പ് എടുത്തുകളഞ്ഞ ജഡ്ജിയാണ് എ.കെ പട്നായിക്. 12 ദിവസം മാത്രമാണ് സി.വി.സിക്ക് അന്വേഷണത്തിനായി ലഭിക്കുക.