ഡിസ്ക്കൗണ്ട് നല്‍കിയില്ല; വരാണസിയില്‍ രണ്ടു പേരെ വെടിവെച്ച് കൊന്നു
മാളിലെ തുണിക്കടയിൽ ഷോപ്പിങ്ങിനായി വന്ന രണ്ടു പേർ, ഡിസ്ക്കൗണ്ടിനെ സംബന്ധിച്ച് സെയിൽസ്മാനുമായി തർക്കത്തിൽ ഏർപ്പടുകയായിരുന്നു.
ഡിസ്ക്കൗണ്ട് നൽകാത്തതിനെ തുടർന്ന് വരാണസിയിൽ രണ്ടു പേരെ വെടിവെച്ച് കൊന്നു. വരാണസിയിലെ ജെ.എച്ച്.വി മാളിലാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ കൊലപാതകം അരങ്ങേറിയത്. സംഭവത്തെ തുടർന്ന് മാൾ അടച്ച് സീൽ ചെയ്തു.
മാളിലെ തുണിക്കടയിൽ ഷോപ്പിങ്ങിനായി വന്ന രണ്ടു പേർ, ഡിസ്ക്കൗണ്ടിനെ സംബന്ധിച്ച് സെയിൽസ്മാനുമായി തർക്കത്തിൽ ഏർപ്പടുകയായിരുന്നു. തർക്കം മൂർച്ചിച്ചപ്പോൾ വന്നവരിൽ ഒരാൾ കെെവശമുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിച്ചു.
വെടിയേറ്റ കടയിലെ ജീവനക്കാരായ സുനിൽ, ഗോപി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ട് പേരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാളിലെ തിരക്കേറിയ സമയത്താണ് വെടിവെപ്പ് നടന്നത്. സംഭവത്തെ തുടര്‍ന്ന് മാള്‍ സ്ഥിതി ചെയ്യുന്ന കന്റോണ്‍മെന്റ് റോഡ് പൂര്‍ണമായും ഒഴിപ്പിക്കുകയും, മാള്‍ അടച്ച് സീല്‍ വെക്കുകയും ചെയ്തു.
പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും, പരിസരങ്ങളിലെ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.