വിദ്വേഷ പ്രചരണങ്ങള്‍ കൂട്ടക്കൊലയില്‍ കലാശിച്ചു; അസമില്‍ അഞ്ച് ബംഗാളി കര്‍ഷകരെ വെടിവെച്ചുകൊന്നു
പൗരത്വ പരിശോധന നടത്തി തീവ്ര ദേശീയവികാരമുണര്‍ത്തിയ ബി.ജെ.പി സര്‍ക്കാരാണ് അക്രമത്തിന്റെ ഉത്തരവാദികളെന്ന് അസമിലെ ബംഗാളി സംഘടനകള്‍ ആരോപിച്ചു.
അസമില്‍ സൈനിക വേഷത്തിലെത്തിയ ആറ് പേര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ബംഗാളി കര്‍ഷര്‍ മരിച്ചു. തിന്‍ഷുകിയ ജില്ലയിലെ ബിസോനിമുഖ് ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു കൂട്ടക്കൊല. പൗരത്വ പരിശോധന നടത്തി തീവ്ര ദേശീയവികാരമുണര്‍ത്തിയ ബി.ജെ.പി സര്‍ക്കാരാണ് അക്രമത്തിന്റെ ഉത്തരവാദികളെന്ന് അസമിലെ ബംഗാളി സംഘടനകള്‍ ആരോപിച്ചു.
സംഭവസ്ഥലത്തു നിന്നും 38 എകെ 47 തിരകള്‍ ലഭിച്ചതായി സാദിയ പോലീസ് സൂപ്രണ്ട് പി.എസ് ചങ്മായി അറിയിച്ചിട്ടുണ്ട്. ശ്യാംലാല്‍ ബിശ്വാസ് (60), അനന്ത ബിശ്വാസ് (18), അഭിനാശ് ബിശ്വാസ് (25), സുബല്‍ ദാസ് (60), ധനഞ്ജയ് നമസുത്ര (23) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറുപേരെയാണ് അക്രമികള്‍ നിരത്തി നിര്‍ത്തി വെടിവെച്ചത്. ആറാമനായ 17കാരന്‍ ഷാദേബ് നാമശൂദ്ര വെടിവെപ്പിനിടെ നദിയിലേക്ക് വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
ബ്രഹ്മപുത്ര നദിക്കരയില്‍ താമസിച്ചിരുന്ന ബംഗാളി കര്‍ഷകരെ തിരഞ്ഞുപിടിച്ചാണ് കൂട്ടക്കൊല നടത്തിയത്. അക്രമികള്‍ പിടികൂടിയ ആറുപേരില്‍ മൂന്നുപേരെ അവരുടെ വീട്ടില്‍ നിന്നും രണ്ടുപേരെ റോഡില്‍ നിന്നും ഒരാളെ അയാളുടെ കടയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെയെല്ലാം അടുത്തുള്ള പാലത്തിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് നദിയിലേക്ക് അഭിമുഖമായി നിര്‍ത്തിയാണ് വെടിവെക്കുകയായിരുന്നു. ഇവര്‍ക്കു പിന്നാലെ ബന്ധുക്കള്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ അവരെ തോക്കുചൂണ്ടി വിരട്ടിയോടിച്ചു.
അസമീസ് ഭാഷ സംസാരിക്കുന്നവരാണ് അക്രമികളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉള്‍ഫ തീവ്രവാദികളാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഉള്‍ഫ തീവ്രവാദികള്‍ അറിയിച്ചിട്ടുണ്ട്.
'ബംഗാളികള്‍ക്കെതിരെ അസമില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിന്റെ ഫലമാണ് ഈ കൂട്ടക്കൊല. പാവങ്ങളാണ് വിലകൊടുക്കേണ്ടി വരുന്നത്. കൂട്ടക്കൊലയില്‍ പങ്കില്ലെന്ന് ഉള്‍ഫ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ആരാണ് ഇതിന് പിന്നിലെന്ന് തെളിയേണ്ടതുണ്ട്' ഓള്‍ അസം ബംഗാളി യൂത്ത് സ്റ്റുഡന്റ് ഫെഡറേഷന്‍ ഓര്‍ഗനൈസിംങ് സെക്രട്ടറി ബിജോയ് ചന്ദ്ര പറഞ്ഞു. കൂട്ടക്കൊലയെ തുടര്‍ന്ന് അസമിലെ ബംഗാളി സംഘടനകള്‍ തിന്‍ഷുകിയ ജില്ലയില്‍ പന്ത്രണ്ട് മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.