150 മീറ്റര്‍ ഉയരമുള്ള രാമപ്രതിമയുമായി യോഗി സര്‍ക്കാര്‍
രാമക്ഷേത്രനിര്‍മാണത്തിന് തടസ്സങ്ങളുണ്ടെങ്കിലും രാമ പ്രതിമ നിര്‍മിക്കുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാവില്ലല്ലോയെന്നാണ്
അയോധ്യ വിഷയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാന്‍ ബി.ജെ.പി നീക്കം. അയോധ്യയില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ദീപാവലിക്ക് മുന്നോടിയായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സര്‍ദാര്‍ പട്ടേല്‍ പ്രതിമക്ക് പിന്നാലെയാണ് ശ്രീരമാന്റെ പ്രതിമ സ്ഥാപിക്കുന്നത്.
ഗുജറാത്തില്‍ 182 മീറ്റര്‍ ഉയരമുള്ള പട്ടേലിന്റെ വെങ്കല പ്രതിമ സൃഷ്ടിച്ച വിവാദങ്ങള്‍ അടങ്ങുന്നതിന് മുന്‍പ് മറ്റൊരു കൂറ്റന്‍ പ്രതിമ. ഉയരം 151 മീറ്റര്‍. ചെലവ് ഏതാണ്ട് 775 കോടി രൂപ. അയോധ്യയില്‍ സരയൂ നദിയുടെ തീരത്തായാണ് ശ്രീരാമന്റെ പ്രതിമ നിര്‍മിക്കാനൊരുങ്ങുന്നത്. രൂപകല്‍പന പൂര്‍ത്തിയായി. ഇനി നിര്‍മാണക്കമ്പനിയെ തീരുമാനിക്കുകയേ വേണ്ടൂ.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിലെത്തുമ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമക്ഷേത്രനിര്‍മാണത്തിന് തടസ്സങ്ങളുണ്ടെങ്കിലും രാമ പ്രതിമ നിര്‍മിക്കുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാവില്ലല്ലോയെന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ മാധ്യമങ്ങളോട് പറഞ്ഞത്. രാമക്ഷേത്രത്തിനായി വാദിക്കുന്നവരുടെ അമര്‍ഷം രാമപ്രതിമയിലൂടെ താത്കാലികമായെങ്കിലും മറികടക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശ്രമം.