അസമിലെ ബംഗാള്‍ സ്വദേശികളുടെ കൊലപാതകം; വിഷയം ഏറ്റെടുത്ത് മമത 

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയോഗിച്ച പ്രത്യേക സംഘം ടിന്‍സൂക്കിയയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.

Update: 2018-11-04 12:26 GMT
Advertising

അസമില്‍ അഞ്ച് ബംഗാള്‍ സ്വദേശികള്‍ വെടിയേറ്റ് മരിച്ച സംഭവ‌ത്തില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിയോഗിച്ച പ്രത്യേക സംഘം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. അസമിലെ ബംഗാളികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

അസമിലെ ടിന്‍സൂക്കിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച് ബംഗാള്‍ സ്വദേശികള്‍ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചത്. അസമില്‍ കഴിയുന്ന ബംഗാള്‍ സ്വദേശികള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ദേശീയ പൌരത്വ രജിസ്റ്റര്‍ പുറത്ത് വന്നതിന് പുറകെ ഇത്തരം വംശീയ കൊലകള്‍ വ്യാപകമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ അസം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയോഗിച്ച പ്രത്യേക സംഘം ടിന്‍സൂക്കിയയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും തൃണമൂല്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തെ സാമുദായിക-രാഷ്ട്രീയ പ്രശ്നമായി കാണരുതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. അതിനിടെ ബംഗാള്‍ സ്വദേശികള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ രണ്ട് മുതിര്‍ന്ന ഉള്‍ഫ നേതാക്കകളെ പോലീസ് പിടികൂടി. ടിന്‍സൂക്കിയ സംഭവം നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.

Tags:    

Similar News