നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം

പതിവില്‍ നിന്നും വിപരീതമായി ബാരിക്കേഡുകള്‍ മറികടന്ന് ചെറു സംഘങ്ങളായാണ് പ്രവര്‍ത്തകര്‍ ആര്‍.ബി.ഐക്ക് മുന്നിലെത്തിയത്.

Update: 2018-11-09 15:43 GMT
Advertising

നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹി ആര്‍.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആര്‍.ബി.ഐക്ക് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. നിരവധി മുതിര്‍ന്ന നേതാക്കളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാര്‍ലമെന്റ് റോഡില്‍ നിന്നും ആര്‍.ബി.ഐ ഓഫീസിന് മുന്നിലേക്കായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. പ്രതിഷേധം മുന്നില്‍ കണ്ട് ശക്തമായ സുരക്ഷ രാവിലെ മുതല്‍ ആര്‍.ബി.ഐക്ക് മുന്നില്‍ ഒരുക്കിയിരുന്നു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ബാരിക്കേഡുകള്‍ മറികടന്ന് ചെറു സംഘങ്ങളായാണ് പ്രവര്‍ത്തകര്‍ ആര്‍.ബി.ഐക്ക് മുന്നിലെത്തിയത്.

Full View

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ആനന്ദ് ശര്‍മ, മുകുള്‍ വാസനിക് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത നരേന്ദ്രമോദിക്ക് ജനം തിരിച്ചടി നല്‍കുമെന്ന് അശോക് ഗെഹ് ലോട്ട് പറഞ്ഞു. ആര്‍.ബി.ഐ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടിയായിരുന്നു പ്രതിഷേധം. ജയ്പൂര്‍, ഛത്തീസ്ഗഢ്, ഹൈദരാബാദ് തുടങ്ങിയവിടങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News