ഡയറക്ടര്‍ക്കും സ്പെഷ്യല്‍ ഡയറക്ടര്‍ക്കും നിര്‍ബന്ധിത അവധി; താളം തെറ്റി സി.ബി.ഐ
നിലവില്‍ സി.ബി.ഐയുടെ ചുമതലയുള്ള നാഗേശ്വര്‍ നാവുവിന് നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഡയറക്ടറേയും സ്പെഷ്യല്‍ ഡയറക്ടറേയും കേന്ദ്രം നിര്‍ബന്ധിത അവധിയില്‍ അയച്ചതോടെ സി.ബി.ഐയുടെ പ്രവര്‍ത്തനം താളം തെറ്റി. പ്രധാന കേസുകളില്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ഡിസംബർ പത്തിന് ലണ്ടനിലെ കോടതി വിജയ് മല്ല്യ കേസ് പരിഗണിക്കുമ്പോൾ സി.ബി.ഐയിൽ നിന്ന് ആര് ഹാജരാകുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചു. നിലവില്‍ സി.ബി.ഐയുടെ ചുമതലയുള്ള നാഗേശ്വര്‍ നാവുവിന് നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍.
പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം. വിജയ് മല്ല്യ കേസിന് പുറമെ മറ്റ് ബാങ്ക് തട്ടിപ്പ് കേസന്വേഷണങ്ങളും വഴി മുട്ടിയ അവസ്ഥയിലാണ്. ഇന്ത്യയിലെ ജയിലുകളിലെ അവസ്ഥ പരിതാപകരമാണെന്ന പി.എന്‍.ബി ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സിയുടെ പരാമര്‍ശത്തില്‍ ഇന്റര്‍പോള്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടും സി.ബി.ഐ നല്‍കിയിട്ടില്ല.
ഈ മാസം ആദ്യം അറസ്റ്റ് ചെയ്ത ചോക്സിയുടെ സഹായി ദീപക് കുല്‍ക്കര്‍ണിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനും തയ്യാറായിട്ടില്ല. മുസഫര്‍പൂര്‍ അഭയ കേന്ദ്ര പീഡനക്കേസ് അന്വേഷണവും നിലച്ചിരിക്കുകയാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നിരക്കിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കായി ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ ത്രിദിന ആര്‍ട്ട് ഓഫ് ലിവിങ് പരിപാടി നടത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സി.ബി.ഐയിൽ വൈകാതെ ദുർമന്ത്രവാദികളെയും ജ്യോതിഷികളെയും പാമ്പുപിടിത്തക്കാരെയും കണ്ടേക്കാമെന്നായിരുന്നു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റ പ്രതികരണം.