പാക് പ്രധാനമന്ത്രിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇന്ത്യന്‍ സൈനിക മേധാവി
തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. പാകിസ്താന്‍ പറയുന്നു, നിങ്ങള്‍ ഒരു ചുവട് വയ്ക്കൂ, ഞങ്ങള്‍ രണ്ടു ചവടു വയ്ക്കാമെന്ന്.


പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് പാകിസ്താന്റെ ഭാഗത്തു നിന്ന് ഉചിതമായ നടപടികളുണ്ടാകണമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. ഇന്ത്യയുമായി ശക്തമായ ബന്ധം കാത്തുസൂക്ഷിക്കാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യന്‍ പട്ടാള മേധാവി.
തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. പാകിസ്താന്‍ പറയുന്നു, നിങ്ങള്‍ ഒരു ചുവട് വയ്ക്കൂ, ഞങ്ങള്‍ രണ്ടു ചവടു വയ്ക്കാമെന്ന്. പക്ഷേ അവര്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് അനുകൂലമായി ഒരു നടപടിയെങ്കിലും പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാകണം. അത് എന്തെങ്കിലുമൊരു ചലനമുണ്ടാക്കണം. അത് ചര്‍ച്ചകള്‍ക്ക് മുമ്പ് പ്രതിഫലിക്കണം. അതുവരെ നമ്മുടെ രാജ്യത്തിന് വ്യക്തമായൊരു നയമുണ്ട്. തീവ്രവാദവും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല. - ബിപിന്‍ റാവത്ത് പറഞ്ഞു.
ഇന്ത്യയുമായി കരുത്തുറ്റ ബന്ധത്തിനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇന്ത്യയുമായി ഒരുമിച്ച് പോകണമെങ്കില്‍ പാകിസ്താന്‍ ആദ്യമൊരു മതേതര രാഷ്ട്രമായി വളരണം. ഇന്ത്യയെ പോലെ മതേതര രാഷ്ട്രമായി പാകിസ്താന്‍ വളര്‍ന്നാല്‍ സ്വാഭാവികമായും അവര്‍ക്ക് അവസരങ്ങളുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.