തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു
ഇന്ന് പുലര്‍ച്ചെ തിരുനെല്‍വേലിയിയില്‍ വെച്ചായിരുന്നു അന്ത്യം.
പ്രമുഖ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുനെല്‍വേലിയിയില്‍ വെച്ചായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.
1944 സെപ്‌തംബർ 26ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് ജനനം. നാഗർകോവിൽ എസ്.ടി. ഹിന്ദു കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബി.എ. പൂർത്തിയാക്കി. വ്യാപാരിയായിരുന്നു. മലയാളത്തിലെഴുതിയത് തമിഴിൽ പരിഭാഷപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ രചനാ രീതി. ആറു നോവലും അഞ്ചു കഥാസമാഹാരങ്ങളും വിവർത്തനങ്ങളുമടക്കം കടലോരഗ്രാമത്തിൽ കതൈ, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് വിവർത്തനമായ ദി സ്‌റ്റോറി ഒഫ് എ സീസൈഡ് വില്ലേജ് ക്രോസ്‌വേഡ് അവാർഡിന് ഷോർട്ട്‌ലിസ്‌റ്റ് ചെയ്യപ്പെട്ടു.
ചായ്‌വു നാർക്കാലി എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തുറൈമുഖം, കൂനന്‍തോപ്പ്, അന്‍പുക്ക് മുതുമൈ ഇല്ലൈ എന്നിവയാണ് പ്രധാന കൃതികള്‍. മീരാന്റെ പല കഥകളും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. വിവിധ കാലഘട്ടത്തിലുണ്ടായ സാമൂഹിക പരിവർത്തനങ്ങളും എഴുത്തിൽ വിഷമാകാറുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.