കര്‍ഫ്യൂ ബാധകമല്ല; മംഗളൂരുവിൽ ഒറ്റക്ക് സമരം ചെയ്ത് വിദ്യാര്‍ഥിനി
മംഗളൂരുവില്‍ സാലി ജോര്‍ജ് ഒറ്റക്ക് പ്രതിഷേധിച്ചാണ് നവമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രതിഷേധം കത്തിയതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ച് സമരക്കാരെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ കെണി മെനഞ്ഞത്. എന്നാല്‍ മംഗളൂരുവിന്റെ തെരുവിലേക്ക് ധൈര്യസമേതം ഇറങ്ങിയ സാലി ജോര്‍ജ് എന്ന വിദ്യാര്‍ഥിനി ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. മംഗളൂരുവില്‍ സാലി ജോര്‍ജ് ഒറ്റക്ക് പ്രതിഷേധിച്ചാണ് നവമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.
അറസ്റ്റ് ചെയ്യാൻ വന്ന പൊലീസിനോട് തന്നെ അറസ്റ്റ് ചെയ്യാൻ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് ഈ യുവതി പറഞ്ഞു. 144 പ്രഖ്യാപിച്ചെന്ന് കരുതി ഒറ്റക്ക് പ്രതിഷേധിക്കുന്ന തന്നെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു പൊലീസിന് സാലിയുടെ മറുപടി. താൻ ഇന്ത്യൻ പൗരയാണെന്നും ഒറ്റക്ക് പ്രതിഷേധിക്കാൻ തനിക്ക് അധികാരമുണ്ടെന്നും ജനാധിപത്യ രാജ്യത്തിൽ തെരുവിൽ പ്രതിഷേധിക്കുന്നത് തടയാൻ പൊലീസിന് അവകാശമില്ലെന്നും യുവതി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിലൂടെ നരേന്ദ്ര മോദിയും അമിത് ഷായും വര്‍ഗീയ ചേരിതിരിവിന് നിയമസാധുത നല്‍കാന്‍ ശ്രമിക്കുകയാണെന്ന് സാലി പറഞ്ഞു.