അനിൽ ദേശ്‍മുഖിനെതിരായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആരോപണം ഗുരുതരം: ശരദ് പവാര്‍

എല്ലാ മാസവും 100 കോടി പിരിക്കാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു മുംബൈ സിറ്റി പൊലീസ് മുൻ കമ്മീഷണർ പരംബീർ സിങിന്‍റെ ആരോപണം.

Update: 2021-03-21 09:40 GMT
Advertising

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖിനെതിരായ പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം ഗൗരവമുള്ളതെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. എന്നാൽ അനിൽ ദേശ്മുഖിന്റെ രാജി ഇപ്പോൾ പരിഗണനയിലില്ല. പൊലീസ് കമ്മീഷണറായിരിക്കെ എന്തുകൊണ്ട് പരംബീർ സിങ് ആരോപണങ്ങൾ ഉന്നയിച്ചില്ലെന്നും ശരത് പവാർ ചോദിച്ചു. എല്ലാ മാസവും 100 കോടി പിരിക്കാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു മുംബൈ സിറ്റി പൊലീസ് മുൻ കമ്മീഷണർ പരംബീർ സിങിന്‍റെ ആരോപണം.

പരംബീര്‍ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അനില്‍ ദേശ്മുഖ് രാജിവെച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്‍സിപി നേതാക്കള്‍ യോഗത്തിന് ശേഷം തീരുമാനിച്ചത് അനില്‍ ദേശ്മുഖ് തത്കാലം രാജിവെക്കേണ്ടെന്നാണ്. ശരത് പവാറിന്‍റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ദേശ്മുഖ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് മുന്‍പില്‍ സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയെന്ന കേസിലെ അന്വേഷണത്തിലെ വീഴ്ചയെ തുടര്‍ന്നാണ് പരംബീര്‍ സിങിനെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ ആഭ്യന്തര മന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടെന്നായിരുന്നു പരംബീര്‍ സിങിന്‍റെ ആരോപണം. റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവയില്‍ നിന്ന് പണം പിരിച്ച് നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും നിരവധി കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആഭ്യന്തര മന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. പരംബീര്‍ സിങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അനില്‍ ദേശ്മുഖ് വ്യക്തമാക്കുകയുണ്ടായി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News