ബിജെപി എംഎൽഎക്ക് നേരെ കർഷകരുടെ രോഷപ്രകടനം; വസ്ത്രങ്ങൾ വലിച്ചുകീറി വളഞ്ഞിട്ട് മർദ്ദിച്ചു
അബോഹർ എംഎൽഎയായ അരുൺ നാരംഗിന് നേരെയായിരുന്നു കർഷകരുടെ പ്രതിഷേധം
പഞ്ചാബിൽ ബി.ജെ.പി എംഎൽഎക്ക് നേരെ കര്‍ഷകരുടെ രോഷപ്രകടനം. അബോഹർ എംഎൽഎയായ അരുൺ നാരംഗിന് നേരെയായിരുന്നു കർഷകരുടെ പ്രതിഷേധം. കർഷക സമരത്തിൽ പങ്കാളികളായ ഒരു കൂട്ടം കർഷകർ ചേർന്ന് അരുൺ നാരംഗിനെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു.
മുക്തസറിലെ മലൗട്ടിൽ പ്രാദേശിക നേതാക്കളോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബി.ജെ.പി എംഎൽഎ. ഇതിനിടയിലായിരുന്നു ഒരു കൂട്ടം കർഷകർ ഇദ്ദേഹത്തെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബി.ജെ.പി നേതാക്കളുടെ വാഹനങ്ങൾക്കുനേരെ കറുത്ത മഷിക്കുപ്പികളെറിഞ്ഞും കർഷകർ പ്രതിഷേധിച്ചു. സംഘർഷ സ്ഥലത്തുനിന്നും ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് എംഎൽഎയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
വാർത്താസമ്മേളനം നടത്താൻ ബി.ജെ.പി നേതാക്കളെ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുന്നതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജസ്പാൽ സിംഗ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലടക്കം വലിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.