ചികിത്സ കിട്ടിയില്ല; ഓക്സിജന്‍ മാസ്ക് ധരിച്ച് സമരം ചെയ്ത കോവിഡ് രോഗി മരിച്ചു
പല ആശുപത്രികളിലും പോയിട്ടും ചികിത്സ ലഭിക്കാതിരുന്നതോടെയാണ് 38കാരന്‍ ധര്‍ണ ഇരുന്നത്.
ഓക്സിജന്‍ മാസ്കും ധരിച്ച് മഹാരാഷ്ട്രയിലെ നാസികില്‍ മുനിസിപ്പല്‍ കോര്‍പറേഷന് മുന്‍പില്‍ ധര്‍ണ നടത്തിയ കോവിഡ് രോഗി മരിച്ചു. പല ആശുപത്രികളിലും പോയിട്ടും ചികിത്സ ലഭിക്കാതിരുന്നതോടെയാണ് 38കാരനായ ബാബാ സാഹേബ് കോലെ മുനിസിപ്പല്‍ കോര്‍പറേഷന് മുന്‍പില്‍ ധര്‍ണ നടത്തിയത്.
ഇന്നലെയാണ് ഓക്സിജന്‍ സിലിണ്ടറില്‍ ഘടിപ്പിച്ച മാസ്കുമായി ബാബാ സാഹേബ് മുനിസിപ്പല്‍ കോര്‍പറേഷന് മുന്‍പില്‍ ധര്‍ണ ഇരുന്നത്. ഒരു മണിക്കൂറിനുള്ളില്‍ കോര്‍പറേഷന്‍ അധികൃതര്‍ ആംബുലന്‍സില്‍ ബാബാ സാഹേബിനെ മുന്‍സിപ്പല്‍ ആശുപത്രിയിലെത്തിച്ചു. ശരീരത്തിലെ ഓക്സിജന്‍റെ അളവ് താഴ്ന്ന് ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
"മൂന്ന് ദിവസം മുന്‍പ് ബിറ്റ്കോ ആശുപത്രിയിലാണ് ബാബാ സാഹേബിനെ ആദ്യം കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ പോയി. കിടത്തി ചികിത്സക്ക് ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. എവിടെയും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ നല്‍കി വിട്ടു. ആരും ഞങ്ങളെ കേട്ടില്ല"- ബാബാ സാഹേബിന്‍റെ ഭാര്യ പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം മാത്രം 40,000 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിറകിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.