25 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് വാക്സിനേഷന്‍ വിപുലമാക്കണമെന്ന ആവശ്യം ഉയരുന്നത്.

Update: 2021-04-05 16:10 GMT
Advertising

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. തന്‍റെ ആവശ്യം പരിഗണിച്ച് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ അനുവദിച്ചതിന് താക്കറെ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്. അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു.

നൈറ്റ് കര്‍ഫ്യൂവും, വാരാന്ത്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ച് കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തിലാണ് വാക്സിനേഷന്‍ വിപുലമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാവർക്കും വാക്സിന്‍ നൽകാൻ അനുമതി തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Tags:    

Similar News