ചാക്കുകെട്ടുകള്‍ പോലെ ആംബുലന്‍സില്‍ കുത്തിനിറച്ച് 22 മൃതദേഹങ്ങള്‍; മഹാരാഷ്ട്രയില്‍ നിന്നും ഹൃദയം തകര്‍ക്കുന്നൊരു കാഴ്ച

ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചിരിക്കുകയാണ്

Update: 2021-04-27 07:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിമിഷങ്ങള്‍ക്കുള്ളിലാണ് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രാണവായു കിട്ടാതെ, ചികിത്സാ സൌകര്യമില്ലാതെ കോവിഡ് രോഗികള്‍ മരിച്ചുവീഴുന്നു. സംസ്കരിക്കാന്‍ സ്ഥലമില്ലാതെ മൃതദേഹങ്ങള്‍ കുന്നുകൂടി നില്‍ക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് അവസാനം ഇടം ഒരുക്കാന്‍ ഉറ്റവര്‍ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു..കഴിഞ്ഞ ഒരു മാസമായി ഇന്ത്യയിലെ കാഴ്ചകള്‍ ഏതൊരാളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവന്നൊരു വാര്‍ത്തയും നമ്മെ വീണ്ടും ഇരുത്തിച്ചിന്തിപ്പിക്കും. രോഗം വരാതെ നോക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്ന്. 22 കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കുത്തിനിറച്ച‍ ഒരു ആംബുലന്‍സിന്‍റെ ചിത്രമാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത്.

ബീഡ് ജില്ലയിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചിരിക്കുകയാണ്. അംബജോഗൈയിലെ സ്വാമി രാമണന്ദ് തീർത്ത് മറാത്ത്വാഡ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇത്. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കുത്തിനിറയ്ക്കുന്നത് മരിച്ചവരുടെ ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അംബജോഗായ് അഡീഷണൽ കലക്ടറോട് ഉത്തരവിട്ടതായും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബീഡ് ജില്ലാ കലക്ടര്‍ രവീന്ദ്ര ജഗ്തപ് പറഞ്ഞു.

എന്നാല്‍ മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ കൂടുതല്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് ലഭിച്ചതെന്ന് ആശുപത്രി ഡീന്‍ ഡോ.ശിവജി സുക്രെ പറഞ്ഞു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News