ആദ്യം അലോപ്പതിയെ ശപിച്ചു, ഇപ്പോള്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനൊരുങ്ങി ബാബാ രാംദേവ്
തന്‍റെ പ്രസ്താവന പിന്‍വലിച്ചെന്നും ചിലര്‍ എരിതീയില്‍ എണ്ണയൊഴിച്ച് അത് വലുതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
അലോപ്പതിയെ 'ഒരു മണ്ടൻ ശാസ്ത്രം' എന്ന് വിളിച്ച് കടുത്ത വിവാദമുണ്ടാക്കിയ ശേഷം രാജ്യത്ത് ഉടന്‍ തന്നെ ഒരു അലോപ്പതി മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുമെന്ന് ബാബാ രാംദേവ്. ഉയർന്ന പരിശീലനം ലഭിച്ച അലോപ്പതി എംബിബിഎസ് ഡോക്ടർമാരുടെ പുതിയ നിര സൃഷ്ടിക്കാനായി ഹരിദ്വാർ ആസ്ഥാനമായാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അലോപ്പതി ഡോക്ടര്‍മാരെയും മരുന്നുകളെയും താന്‍ വലിയ രീതിയില്‍ ബഹുമാനിക്കുന്നെന്നും രാംദേവ് ആവര്‍ത്തിച്ചു. അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞത് തന്‍റെ ഔദ്യോഗിക പ്രസ്താവനയല്ലെന്നും കാര്യങ്ങളെ എല്ലാരും ചേര്‍ന്ന് വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ്പിൽ ലഭിച്ച വിവരങ്ങളുടെ ഒരു ഭാഗം മാത്രമാണ് താൻ പറഞ്ഞതെന്നും രാംദേവ് പറഞ്ഞു.
തന്‍റെ പ്രസ്താവന പിന്‍വലിച്ചെന്നും ചിലര്‍ എരിതീയില്‍ എണ്ണയൊഴിച്ച് അത് വലുതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോടും മുന്‍വിധികളില്ല. അലോപ്പതി കോടിക്കണക്കിന് ജീവനുകള്‍ രക്ഷിക്കുന്ന വൈദ്യവിഭാഗമാണ്. അലോപ്പതിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തുന്നുവെങ്കിലും ചില രോഗങ്ങള്‍ക്ക് ഇപ്പോഴും അലോപ്പതിയില്‍ മരുന്നില്ല. അലോപ്പതിയോട് വെറുപ്പില്ലെന്നും ആയുര്‍വേദമാണ് കൂടുതല്‍ ബഹുമാനിക്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.