10 വര്‍ഷം തടവും 5 ലക്ഷം പിഴയും: ഗുജറാത്തില്‍ മതസ്വാതന്ത്ര്യ ഭേദഗതി നിയമം ജൂണ്‍ 15ന് പ്രാബല്യത്തില്‍

ലവ് ജിഹാദും മതപരിവര്‍ത്തനമെന്ന ഉദ്ദേശ്യത്തോടെയുള്ള വിവാഹങ്ങളും തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് വിജയ് രൂപാനി

Update: 2021-06-05 04:03 GMT
Advertising

ഗുജറാത്തില്‍ വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്ന നിയമം ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ലവ് ജിഹാദും മതപരിവര്‍ത്തനമെന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ള വിവാഹങ്ങളും വിവാഹങ്ങള്‍ക്കായുള്ള മതംമാറ്റവും തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് വിജയ് രൂപാനി പറഞ്ഞു.

മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ 2021 ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭ പാസ്സാക്കിയത്. ഗവര്‍ണര്‍ ആചാര്യ ദേവ്രത് മെയ് മാസത്തില്‍ അംഗീകരിച്ചു. ഈ നിയമമാണ് ജൂണ്‍ 15ന് പ്രാബല്യത്തിലാകുന്നത്. 

2003ലെ നിയമമാണ് ഭേദഗതി ചെയ്തത്. മതപരിവര്‍ത്തനത്തിനായി മാത്രം വിവാഹം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് പുതിയ നിയമ ഭേദഗതിയില്‍ പറയുന്നത്. ഇതുപ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. നിര്‍ബന്ധിത പരിവര്‍ത്തനം സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കില്‍ കുറയാത്ത ഓഫീസറാകും കേസ് അന്വേഷിക്കുക. അത്തരത്തിലുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും ചെയ്യും.

ലവ് ജിഹാദ് തടയാനാണ് നിയമം കൊണ്ടുവരുന്നതെന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നതെങ്കിലും നിയമത്തില്‍ ലവ് ജിഹാദ് എന്ന പരാമര്‍ശമില്ല. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് നിയമ ഭേദഗതിയെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നിയമസഭയില്‍ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ഭേദഗതി നിയമസഭയില്‍ പാസാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമ ഭേദഗതി നടത്തുകയുണ്ടായി. പലയിടങ്ങളിലും അറസ്റ്റുമുണ്ടായി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News