കോവിഡിനിടെ പൊടിപൊടിച്ച് ഉത്സവാഘോഷം; തടയാനെത്തിയ പൊലീസിനെ കല്ലെറിഞ്ഞ് നാട്ടുകാര്‍
ജാർഖണ്ഡിലെ സാരായ്‌കേലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ നടത്തിയ ഉത്സവം തടയാനെത്തിയ പൊലീസിനെ ആക്രമിച്ച് നാട്ടുകാര്‍. ജാർഖണ്ഡിലെ സാരായ്‌കേലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
നൂറ് കണക്കിനാളുകളാണ് ഉത്സവത്തില്‍ പങ്കെടുത്തത്. കോവിഡിന്‍റെ സാഹചര്യത്തില്‍ ഉത്സവം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രാമത്തിലെത്തിയ പൊലീസിനെയാണ് നാട്ടുകാര്‍ ആക്രമിച്ചത്. പ്രകോപിതരായ ഗ്രാമവാസികള്‍ പൊലീസിനെയും ജില്ലാ അധികാരികളെയും കല്ലെറിയുകയും അടിച്ചോടിക്കുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സാരായ്കേല എസ്.പി മുഹമ്മദ് അര്‍ഷി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
സാരായ്‍കേലയിലെ ബാമ്നി ഗ്രാമത്തിലാണ് സംഭവം നടന്നത്. മേളയെക്കുറിച്ച് കേട്ടറിഞ്ഞ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ ഉത്സവം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികളെ സമീപിച്ചു. എന്നാല്‍ ഗ്രാമീണര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ പൊലീസിനെ വിവമറിയിക്കുകയും പൊലീസ് സംഭവസ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. കല്ലും വടിയും ഉപയോഗിച്ച് ഇവര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഗ്രാമവാസികള്‍ പൊലീസിനെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ വെള്ളിയാഴ്ച 7,595 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 104 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.