ജാർഖണ്ഡിൽ മേള തടയാനെത്തിയ പോലീസുകാരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും അടിച്ചോടിച്ച് ആൾക്കൂട്ടം
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മേള നടക്കുന്ന കാര്യം അറിഞ്ഞ പോലീസ് ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസറുമായി ബന്ധപ്പെടുകയും പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു
കോവിഡിന്റെ മാരകമായ രണ്ടാം തരംഗത്തിനിടയിൽ തിരക്കേറിയ മേള തടയാനെത്തിയ പോലീസുകാരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും അടിച്ചോടിച്ച് ആൾക്കൂട്ടം. ജാർഖണ്ഡിലെ സരൈകെലയിലെ ഗ്രാമത്തിലാണ് സംഭവം. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മേള നടക്കുന്ന കാര്യം അറിഞ്ഞ പോലീസ് ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസറുമായി ബന്ധപ്പെടുകയും പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മേള അവസാനിപ്പിച്ച് വീട്ടിലേക്ക് പോകാൻ ഗ്രാമവാസികളുമായി പോലീസ് ചര്‍ച്ച നടത്തി. എന്നാൽ ഗ്രാമവാസികളുമായുള്ള ചർച്ച പരാജയപ്പെടുകയും പോലീസുകാരെ പുറത്താക്കാൻ ആക്രമണം ആരംഭിക്കുകയും ചെയ്തു.
പൊടിപടലമായ മേള മൈതാനത്ത് ജനക്കൂട്ടം പോലീസുകാരെ ആക്രമിക്കുന്നതും പോലീസുകാർ സ്വയരക്ഷക്കായി ഓടുന്നതും മൊബൈൽ വീഡിയോയിൽ കാണാം. ചിലർ പോലീസുകാർക്ക് നേരെ കല്ലെറിയുന്നത് കാണാം. ഭൂരിപക്ഷം ഗ്രാമവാസികളും മാസ്ക് ധരിച്ചിട്ടില്ല. ഒരു പോലീസുകാരനെ മൂന്ന് കൗമാരക്കാർ വടികൊണ്ട് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറെയും സ്റ്റേഷൻ ചുമതലയുള്ള പോലീസുകാരെയും ജനങ്ങൾ ആക്രമിച്ചതായി പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, ദില്ലി തുടങ്ങി സംസ്ഥാനങ്ങളെപ്പോലെ ജാർഖണ്ഡിലും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.