കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍; കോവാക്സിന്‍ അടുത്തഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി

രണ്ടിനും 18നുമിടയില്‍ പ്രായമുള്ളവരില്‍ നിശ്ചിത വ്യവസ്ഥകളോടെ പരീക്ഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

Update: 2021-05-13 07:19 GMT
Advertising

കോവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ ഭാരത് ബയോടെക്കിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി. രണ്ടിനും 18നുമിടയില്‍ പ്രായമുള്ളവരില്‍ നിശ്ചിത വ്യവസ്ഥകളോടെ പരീക്ഷണം നടത്താനാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ വിഷയവിദഗ്ധസമിതി അനുമതി നല്‍കിയത്. 

രണ്ടും മൂന്നും ഘട്ടങ്ങളിലുള്ള ക്ലിനിക്കൽ പരീക്ഷണമാണ് നടത്തുക. കോവാക്‌സിൻ കുട്ടികളിൽ എന്തൊക്കെ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക, സുരക്ഷ, പ്രതിരോധശേഷി തുടങ്ങിയവ പരിശോധിക്കും. 

ഡൽഹിയിലെയും പട്‌നയിലെയും എയിംസ് ആശുപത്രികളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക. കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന്‍റെ ആദ്യപരീക്ഷണമാകും ഇത്. 

നിലവിൽ അമേരിക്കയിലെ ഫൈസർ ബയോ എൻടെക് മാത്രമാണ് കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുള്ള കോവിഡ് വാക്‌സിൻ. എന്നാല്‍ ഇത് 12നും 15നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാനേ അനുവാദമുള്ളൂ.

കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News