മാരകമായ കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരെ കൊവാക്സിന്‍ ഫലപ്രദമെന്ന് പഠനം
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന ഘട്ടത്തില്‍ മറ്റു വാക്‌സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്
ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ കൊറോണ വൈറസിന്റെ മാരകമായ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൊവാക്‌സിന് ശേഷിയുണ്ടെന്ന് നിര്‍മാതാക്കള്‍. ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ബി.1.617, ബ്രിട്ടണില്‍ കണ്ടെത്തിയ ബി.1.1.7 എന്നീ വൈറസ് വകഭേദങ്ങളെ കൊവാക്‌സിന്‍ നിര്‍വീര്യമാക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞതായി ഭാരത് ബയോടെക് അവകാശപ്പെട്ടു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും, ഐ.സി.എം.ആറിന്റെയും സഹകരണത്തോടെയാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിച്ചത്.
കൊവാക്‌സിന് ഒരിക്കല്‍ കൂടി രാജ്യാന്തര അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് പഠനത്തെ സംബന്ധിച്ച് മെഡിക്കല്‍ ജേണലായ 'ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസി'ല്‍ വന്ന ലേഖനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ഭാരത് ബയോടെക് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.
Link to article published in CID - Oxford University Press.
— suchitra ella (@SuchitraElla) May 16, 2021
COVAXIN neutralising emerging variants. https://t.co/ZholzoDD7F pic.twitter.com/ksiNL1kLXq
ക്ലിനിക്കല്‍ പരീക്ഷണത്തിലിരിക്കുമ്പോള്‍ തന്നെ ജനുവരി മൂന്നിനാണ് കൊവിഷീല്‍ഡിനൊപ്പം അടിയന്തര ഉപയോഗത്തിനായി കൊവാക്‌സിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. എന്നാല്‍ വാക്‌സിന്റെ ലഭ്യതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന ഘട്ടത്തില്‍ മറ്റു വാക്‌സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കണമെന്ന ആവശ്യവും മയരുന്നുണ്ട്. നിലവില്‍ മൂന്ന് കോവിഡ് വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അനുമതിയുള്ളത്.